2024 ട്വന്റി20 ലോകകപ്പ് അതിന്റെ അവസാന ഭാഗത്തിലേക്ക് എത്തുകയാണ്. ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയുമാണ് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ശുഐബ് അക്തർ.
രോഹിത് ശർമ 2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാൻ അർഹതയുള്ള നായകനാണ് എന്ന് അക്തർ പറയുകയുണ്ടായി. സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനെ 68 റൺസിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിലേക്ക് സ്ഥാനം കണ്ടെത്തിയത്. 2007ലും 2014ലുമാണ് മുൻപ് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുള്ളത്.
ഇതിൽ 2007ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കിരീടം ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ 2014ൽ പരാജയപ്പെടുകയാണ് ഉണ്ടായത്. ശേഷം മറ്റൊരു കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് രോഹിത് ശർമയെ പിന്തുണച്ചുകൊണ്ട് അക്തർ രംഗത്ത് വന്നിരിക്കുന്നത്.
മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലും ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലും ഇന്ത്യ പരാജയമറിയുകയും കിരീടം നഷ്ടമാവുകയും ചെയ്തിരുന്നു. അതിനാൽ ഇത്തവണ രോഹിത് ട്വന്റി20 ലോകകപ്പ് കിരീടം അർഹിക്കുന്നുണ്ട് എന്ന് അക്തർ പറയുകയുണ്ടായി.
ഇന്ത്യക്കായി ഈ ലോകകപ്പിലുടനീളം മികച്ച തീരുമാനങ്ങളെടുത്ത് മുൻപോട്ട് പോകാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് അക്തർ കൂട്ടിച്ചേർത്തത്. മാത്രമല്ല ഇന്ത്യയ്ക്കായി നിസ്വാർത്ഥമായ പ്രകടനം കാഴ്ചവച്ച് ടീമിനായി നിലകൊള്ളാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട് എന്നും അക്തർ പറഞ്ഞുവയ്ക്കുന്നു.
“ഇന്ത്യ ഇത്തവണ ലോകകപ്പ് കിരീടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ. ഞാൻ ഇന്ത്യയെ സപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യ ഫൈനൽ മത്സരത്തിൽ പരാജയം നേരിട്ടിരുന്നു. അത് എനിക്ക് വലിയ രീതിയിൽ സങ്കടമുണ്ടാക്കി. അതിന് പ്രധാന കാരണം ഇന്ത്യ ആ ലോകകപ്പ് അർഹിച്ചിരുന്നു എന്നതാണ്. ഒരിക്കലും ആ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ പാടില്ലായിരുന്നു.”- അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
മാത്രമല്ല രോഹിത് ശർമ എന്തുകൊണ്ടും കിരീടം സ്വന്തമാക്കാൻ പ്രാപ്തിയുള്ള നായകനാണ് എന്നും അക്തർ പറയുകയുണ്ടായി. ഒരു പൂർണ്ണതയുള്ള ബാറ്ററാണെങ്കിലും പലപ്പോഴും ടീമിനായി തന്റെ വ്യക്തിഗത നേട്ടങ്ങൾ രോഹിത് മാറ്റിവയ്ക്കുന്നുണ്ട് എന്നാണ് അക്തറിന്റെ വിലയിരുത്തൽ.
“എല്ലായിപ്പോഴും ടീമിൽ ഇമ്പാക്ട് ഉണ്ടാക്കണമെന്നും കിരീടം സ്വന്തമാക്കണമെന്നും രോഹിത് നിരന്തരം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അവൻ ഈ കിരീടം സ്വന്തമാക്കാൻ അർഹനാണെന്ന് ഞാൻ കരുതുന്നു. ഒരു വലിയ താരം തന്നെയാണ് രോഹിത് ശർമ. രോഹിത്തിന്റെ കരിയർ അവസാനിക്കേണ്ടതും വലിയൊരു നേട്ടത്തിലൂടെ തന്നെയാവണം. ഇന്ത്യയ്ക്കായി നിസ്വാർത്ഥമായി മുൻപോട്ടു പോകുന്ന നായകനാണ് രോഹിത്. ഒരു പൂർണ്ണ ബാറ്ററായ അവൻ ടീമിന് വേണ്ടി മാത്രമാണ് കളിക്കാറുള്ളത്.”- അക്തർ കൂട്ടിച്ചേർക്കുകയുണ്ടായി.