90ൽ നിൽക്കുമ്പോളും സഞ്ജു ശ്രമിച്ചത് ബൗണ്ടറി നേടാൻ. അവൻ ടീമിനായി കളിക്കുന്നവൻ”, പ്രശംസയുമായി സൂര്യകുമാർ യാദവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 61 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇതിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 202 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ സ്പിന്നർമാർ എറിഞ്ഞു ഒതുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് കേവലം 141 റൺസിൽ അവസാനിച്ചതോടെ ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കി. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സഞ്ജുവിനെ തന്നെയായിരുന്നു. ഇന്ത്യയുടെ ഈ ഉഗ്രൻ പ്രകടനത്തെ പറ്റി നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ പ്രകടനത്തിൽ സഞ്ജു സാംസണെ പ്രശംസിച്ചു കൊണ്ടാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിച്ചത്. “ഡർബനിലെ ഇന്ത്യയുടെ റെക്കോർഡുകളെ പറ്റി ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഇത്തരം വിജയ ശതമാനം ഇവിടെയുണ്ട് എന്ന് എനിക്ക് മനസ്സിലായത്. കഴിഞ്ഞ 3-4 പരമ്പരകളിലായി ഞങ്ങൾ ആക്രമണ മനോഭാവം തന്നെയാണ് പുലർത്തുന്നത്. ഞങ്ങളുടെ ബ്രാൻഡിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടില്ല. ഈ വിജയത്തിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരുപാട് കഠിനപ്രയത്നത്തിൽ ഏർപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു സാംസൺ. ഇപ്പോൾ അവൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ സന്തോഷമുണ്ട്.”- സൂര്യകുമാർ പറഞ്ഞു.

“മത്സരത്തിൽ 90കളിൽ നിന്ന സമയത്ത് പോലും സഞ്ജൂ ശ്രമിച്ചിരുന്നത് ബൗണ്ടറികൾ കണ്ടെത്താനാണ്. അവൻ ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്ന് കൃത്യമായി നമുക്ക് ബോധ്യമാകുന്നു. അത്തരം മനോഭാവമാണ് സഞ്ജു സാംസൺ പുലർത്തുന്നത്. അതാണ് ഞങ്ങൾക്ക് ആവശ്യം. സ്പിന്നർമാരെ കൃത്യമായ സമയങ്ങളിൽ ബോളിംഗ് ക്രീസിൽ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ തന്ത്രം. ക്ലാസ്സന്റെയും മില്ലറുടെയും നിർണായകമായ വിക്കറ്റുകൾ കൃത്യമായ സമയത്ത് വീഴ്ത്തണമെന്ന് ഞങ്ങൾ ലക്ഷ്യം വെച്ചിരുന്നു. സ്പിന്നർമാർ അതിനനുസരിച്ചുള്ള പ്രകടനവും കാഴ്ചവച്ചു. അത് അതിമനോഹരം തന്നെയായിരുന്നു.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ട്വന്റി20 നായക സ്ഥാനം എത്രമാത്രം ആസ്വദിക്കുന്നുണ്ട് എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ ടോസ് സമയത്ത് തന്നെ ഒരു കാര്യം പറയുകയുണ്ടായി. ടീമിൽ കളിക്കുന്ന സഹതാരങ്ങളൊക്കെയും എന്റെ ജോലി വളരെ അനായാസമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് അധികം സമ്മർദ്ദം വെച്ചുപുലർത്തേണ്ട അവസ്ഥ വരുന്നില്ല. ഭയപ്പാടില്ലാത്ത മനോഭാവമാണ് ടീമിലുള്ള എല്ലാ താരങ്ങളും പുലർത്തുന്നത്. അവർ കൃത്യമായി മൈതാനത്ത് ആസ്വദിച്ചു തന്നെ കളിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന രീതിയിൽ, തുടക്കത്തിൽ തന്നെ കുറച്ചധികം വിക്കറ്റുകൾ നഷ്ടമായാലും അത് ഞങ്ങളെ ബാധിക്കില്ല. കാരണം ഒരു ഭയവുമില്ലാതെയാണ് ഞങ്ങൾ മൈതാനത്ത് എത്താറുള്ളത്. ഇതൊരു ട്വന്റി20 ക്രിക്കറ്റ് ആണെന്നും 20 ഓവറുകൾ മാത്രമാണ് ഉള്ളതെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ 17 ഓവറുകളിൽ തന്നെ 200 റൺസ് സ്വന്തമാക്കാനും ഞങ്ങൾ ശ്രമിക്കും.”- സൂര്യകുമാർ പറഞ്ഞുവയ്ക്കുന്നു.

Previous article“10 വർഷത്തെ എന്റെ കാത്തിരിപ്പാണ്. ഒന്നും എളുപ്പമായിരുന്നില്ല”- മനസ് തുറന്ന് സഞ്ജു സാംസൺ.
Next article“സഞ്ജു ഇങ്ങനെ അടിച്ചു തകർക്കുമ്പോൾ എങ്ങനെ പിടിച്ചു നിർത്താനാണ് “. സൗത്താഫ്രിക്കന്‍ നായകൻ ചോദിക്കുന്നു.