കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള ബോളറാണ് ജസ്പ്രീത് ബുമ്ര. ഇന്ത്യൻ ബോളിംഗ് നിരയുടെ നട്ടെല്ലായി പ്രവർത്തിക്കാൻ ബുമ്രയ്ക്ക് എല്ലായിപ്പോഴും സാധിക്കാറുണ്ട്.
2024 ട്വന്റി20 ലോകകപ്പിലും ബൂമ്രയുടെ ഈ പ്രഹര ശേഷി മറ്റു ടീമുകൾ കണ്ടു. ഇപ്പോൾ ബുമ്രയുടെ അസാധാരണമായ ബോളിംഗ് പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ബോളിങ് കോച്ച് പരസ് മാമ്പ്ര. ബൂമ്രയെ അങ്ങേയറ്റം പ്രശംസിച്ചു കൊണ്ടാണ് മാമ്പ്ര സംസാരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ ഫ്രീക്ക് എന്നാണ് ബൂമ്രയെ മാമ്പ്ര വിശേഷിപ്പിച്ചത്.
ബോൾ ചെയ്യുന്ന സമയത്ത് തന്നെ റൺഅപ്പ് കുറവായിട്ടും, പന്ത് ഉപയോഗിച്ച് പ്രകടനം പുലർത്താൻ ബുമ്രയ്ക്ക് സാധിക്കുന്നുണ്ട് എന്ന് മാമ്പ്ര പറയുകയുണ്ടായി. ലോകകപ്പിന് ശേഷം ഇന്ത്യ ബൂമ്രയ്ക്ക് വിശ്രമം അനുവദിക്കുകയുണ്ടായി. ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ബൂമ്ര കളിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. എന്നിരുന്നാലും ബൂമ്ര തിരിച്ചുവരികയാണെങ്കിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളിൽ അതൊരു വലിയ മുതൽക്കൂട്ടായി മാറുമെന്ന് പല മുൻ താരങ്ങളും ഇതിനോടകം തന്നെ വിലയിരുത്തുകയുണ്ടായി. ഈ സമയത്താണ് ബൂമ്രയെ പ്രശംസിച്ചുകൊണ്ട് മാമ്പ്ര രംഗത്ത് എത്തിയത്.
ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് മാമ്പ്ര ഇക്കാര്യം പറഞ്ഞത്. “ബൂമ്ര ഒരു ബുദ്ധിയുള്ള ബോളർ തന്നെയാണ്. ശരിക്കും അവൻ ഒരു ഫ്രീക്ക് താരമാണ്. തന്റെ റൺഅപ്പ് കുറച്ചിട്ടും ബുമ്രയ്ക്ക് മികവിൽ യാതൊരു മാറ്റവുമില്ല. അവന്റെ ബോളിങ്ങിലെ അത്ഭുതങ്ങൾ ഇരിക്കുന്നത് അവന്റെ കയ്യിൽ തന്നെയാണ്. അക്കാര്യത്തിൽ അവനെ വെല്ലാൻ സാധിക്കുന്ന മറ്റൊരു താരവുമില്ല എന്ന് നിസംശയം പറയാൻ സാധിക്കും.”- മാമ്പ്ര പറയുകയുണ്ടായി. ഇന്ത്യയ്ക്കായി കഴിഞ്ഞ വലിയ ടൂർണമെന്റ്കളിലൊക്കെയും വമ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു താരം പുറത്തെടുത്തത്.
2024 ട്വന്റി20 ലോകകപ്പിലാണ് അവസാനമായി ബുമ്ര ഇന്ത്യൻ ടീമിനായി കളിച്ചത്. ടൂർണമെന്റിലെ താരമായി ബൂമ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 8.26 എന്ന അവിശ്വസനീയ ശരാശരിയിലാണ് ബൂമ്ര ടൂർണമെന്റിൽ പന്ത് എറിഞ്ഞിരുന്നത്. മാത്രമല്ല 4.17 എന്ന എക്കണോമി റേറ്റും ബൂമ്രയ്ക്ക് ഉണ്ടായിരുന്നു. ടൂർണമെന്റിൽ 15 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാൽ അതിന് ശേഷം നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ ബൂമ്രയെ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പരയിൽ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറിയതും ബുമ്രയുടെ അഭാവം തന്നെയായിരുന്നു