ബുംറയല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളർ അവൻ. മറ്റൊരു ഇന്ത്യൻ താരത്തെ ചൂണ്ടികാട്ടി ഭരത് അരുൺ.

ഇന്ത്യയ്ക്ക് മുൻപിലേക്ക് ഇനി വരാനിരിക്കുന്നത് ടെസ്റ്റ് പരമ്പരകളുടെ ഒരു വലിയ നിര തന്നെയാണ്. അതുകൊണ്ടു തന്നെ താരങ്ങളൊക്കെയും ഫിറ്റ്നസ് പുലർത്തി പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് സീസൺ ആരംഭിക്കുന്നത്.

ശേഷം ന്യൂസിലാൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ടെസ്റ്റ് പരമ്പരകൾ ഇന്ത്യ കളിക്കും. പ്രധാനമായും ബോളർമാരുടെ ഫിറ്റ്നസ് നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നീ ക്ലാസ് ബോളർമാർ ഇന്ത്യയ്ക്കുണ്ടെങ്കിലും പലരും പരിക്കിന്റെ പിടിയിലാണ്. നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു ഇന്ത്യൻ ബോളറെപ്പറ്റി മുൻ ഇന്ത്യൻ ബോളിങ് കോച്ച് ഭരത് അരുൺ സംസാരിക്കുകയുണ്ടായി.

മുഹമ്മദ് സിറാജ് തന്റെ ഫിറ്റ്നസ്സിലേക്ക് തിരികെയെത്തിയാൽ അവനാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോളർ എന്നാണ് ഭരത് അരുൺ പറയുന്നത്. “ഓസ്ട്രേലിയക്കെതിരായ പര്യടനം ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടു തന്നെ കൃത്യമായ താരങ്ങൾക്ക് കൃത്യമായ അവസരങ്ങൾ നൽകണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഐപിഎല്ലിൽ 140-150 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന ഒരുപാട് ബോളർമാരുണ്ട്. അതവർക്ക് ഒരുപാട് അവസരവും നൽകുന്നുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അതിൽ ഇത്തരം ബോളർമാർ അനുഭവസമ്പത്ത് കണ്ടെത്തണം. നമ്മൾ അവരെ തയ്യാറെടുപ്പിക്കണം അതിനായി അവർക്ക് കൂടുതൽ ഓവറുകൾ നൽകണം.”- ഭരത് അരുൺ പറയുന്നു.

Mohammed Shami and Siraj Crictoday 1 1

“ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നമ്മൾ ബോൾ ചെയ്യുമ്പോൾ പലപ്പോഴും പ്രതികരണ ശേഷിയില്ലാത്ത പിച്ചുകളാവും ഉണ്ടാവുക. ആ സാഹചര്യത്തിൽ എങ്ങനെയാണ് റിവേഴ്സ് സിംഗ് ഉണ്ടാക്കുക എന്നത് അടക്കമുള്ള കാര്യങ്ങൾ കൃത്യമായി താരങ്ങൾ വിലയിരുത്തണം. അതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം കാര്യങ്ങളിൽ വലിയ സഹായങ്ങൾ ലഭിച്ചിട്ടുള്ള ബോളർമാരാണ് മുഹമ്മദ് സിറാജ് മുഹമ്മദ് ഷാമിയും അതുകൊണ്ടു തന്നെയാണ് കൃത്യമായ സാഹചര്യങ്ങളിൽ ബോൾ റിവേഴ്സ് ചെയ്യാൻ ഈ താരങ്ങൾക്ക് സാധിക്കുന്നത്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളർമാരിൽ ഒരാളാണ് മുഹമ്മദ് സിറാജ്.”- ഭരത് അരുൺ പറയുന്നു.

എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ സിറാജിനെ പലപ്പോഴായി പരിക്ക് പിടികൂടിയിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമാണ്. ഒപ്പം മുഹമ്മദ് ഷാമിയും വളരെ നാളായി പരിക്കിന്റെ പിടിയിലാണ്. എന്നിരുന്നാലും ജസ്പ്രീത് ബുംറയുടെ ഫോം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നു. വരുന്ന ടെസ്റ്റ് മത്സരങ്ങളിലും ബുംറ കൃത്യമായി ഫിറ്റ്നസ് പുലർത്തി മികച്ച ഫോം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ഓസ്ട്രേലിയൻ പര്യടനത്തിൽ ബുംറയുടെ അടക്കം വമ്പൻ പ്രകടനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.

Previous articleബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.
Next article“കോഹ്ലിയ്ക്ക് മുമ്പിൽ ബാബർ ആരുമല്ല, താരതമ്യം ചെയ്യുന്നത് അബദ്ധം”. മുൻ പാക് താരം പറയുന്നു.