നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ ക്ലാസൻ. ആധുനിക ക്രിക്കറ്റിലെ എല്ലാ സാധ്യതകളും മുതലാക്കി വെടിക്കെട്ട് തീർക്കാനും, മത്സരം തിരിച്ചുവിടാനും ക്ലാസന് കഴിയും. ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്ലാസന് സാധിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങളിൽ താൻ ഏറ്റവും ഭയക്കുന്ന ക്രിക്കറ്ററെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ക്ലാസൻ ഇപ്പോൾ. രോഹിത് ശർമയെയോ വിരാട് കോഹ്ലിയോ റിഷഭ് പന്തിനെയോ അല്ല താൻ ഭയക്കുന്നതെന്ന് ക്ലാസൻ പറയുന്നു. ഇന്ത്യൻ നിരയിൽ, തന്നെ ഭയപ്പെടുത്തിയിട്ടുള്ള ട്വന്റി20 നായകൻ സൂര്യകുമാർ യാദവാണ് എന്നാണ് ക്ലാസൻ കൂട്ടിച്ചേർത്തത്.
നിലവിലെ ട്വന്റി20 ഇതിഹാസ താരമാണ് സൂര്യകുമാർ യാദവ് എന്ന ക്ലാസൻ പറയുകയുണ്ടായി. മാത്രമല്ല അവൻ തന്നെ ഒരുപാട് ഭയപ്പെടുത്തുന്നു എന്നും ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയുടെ മുൻ താരമായ എ ബി ഡിവില്ലിയേഴ്സിനെക്കാളും മികച്ച രീതിയിൽ സ്കൂപ് ഷോട്ട് കളിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കുമെന്നാണ് ക്ലാസൻ പറയുന്നത്. ഇത്തരത്തിലുള്ള സൂര്യകുമാറിന്റെ പ്രകടനം തന്നെ വലിയ രീതിയിൽ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് ക്ലാസൻ കൂട്ടിച്ചേർക്കുന്നു. നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. വളരെ വേഗത്തിൽ റൺസുയർത്താൻ സാധിക്കുമെന്നതാണ് സൂര്യയുടെ മറ്റൊരു പ്രത്യേകത.
ഇന്ത്യൻ ടീമിന്റെ നായകനായതിന് ശേഷം സൂര്യകുമാറിന്റെ ആക്രമണ മനോഭാവത്തിൽ മാറ്റം വരുമെന്നാണ് പലരും വിലയിരുത്തിയത്. എന്നാൽ നായകനായ ശേഷവും യാതൊരു മാറ്റവും വരുത്താതെ ആദ്യ ബോൾ മുതൽ ആക്രമിക്കുന്ന രീതിയാണ് സൂര്യകുമാറിനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. എന്നിരുന്നാലും ദക്ഷിണാഫ്രിക്കൻ മണ്ണിലെ ബൗൺസ് സൂര്യകുമാർ യാദവിനെ 2 മത്സരത്തിലും പിടിച്ചുകെട്ടിയിട്ടുണ്ട് എന്നത് ഉറപ്പാണ്.
വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമിന് വേണ്ടി കളിക്കുക എന്നതാണ് സൂര്യകുമാർ എല്ലായിപ്പോഴും ചെയ്യാറുള്ളത്. നാഴികക്കല്ലുകൾക്കായി പതിയെ പോകുന്ന സ്വഭാവമുള്ള താരമല്ല സൂര്യകുമാർ. ഇത്തരത്തിലുള്ള താരങ്ങളെയാണ് തങ്ങൾ ഭയക്കപ്പെടുന്നത് എന്ന് ക്ലാസൻ പറയുകയുണ്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അവിചാരിതമായ ഒരു പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. 2 മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്.