ഞാൻ നേരിട്ട ഏറ്റവും മികച്ച ബോളർ അവനാണ്. ഇന്ത്യൻ പേസറുടെ പേര് പറഞ്ഞ് ഗ്ലേന്‍ മാക്സ്വൽ.

താൻ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയയുടെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെയാണ് തന്റെ ഏറ്റവും മികച്ച ബോളറായി മാക്സ്വൽ തെരഞ്ഞെടുത്തിരിക്കുന്നത്.

നിലവിൽ എല്ലാ ഫോർമാറ്റ് എടുത്ത് പരിശോധിച്ചാലും ബുംറ തന്നെയാണ് ഏറ്റവും മികച്ച ബോളർ എന്ന് മാക്സ്വെൽ പറയുന്നു. ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാം നമ്പറിലുള്ള ബോളറാണ് ബുമ്ര. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ വജ്രായുധമായിരുന്നു ബുംറ. പിന്നീട് 2024 ട്വന്റി20 ലോകകപ്പിലെ താരമായും ഈ ഇന്ത്യന്‍ താരം മാറിയിരുന്നു. ഇതിന് ശേഷമാണ് മാക്സ്വെൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബുംറയുടെ പ്രത്യേകതകൾ എടുത്തു കാട്ടിയാണ് മാക്സ്വെൽ സംസാരിച്ചത്. ക്രീസിൽ തന്റെ കാൽപാദം പതിച്ച ശേഷം ഒരുപാട് മുൻപിലായി പന്ത് റിലീസ് ചെയ്യാൻ ബുംറയ്ക്ക് സാധിക്കാറുണ്ട് എന്ന് മാക്സ്വെൽ പറയുന്നു. മാത്രമല്ല അവസാന നിമിഷം ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളാനും ബുമ്രയ്ക്ക് സാധിക്കാറുണ്ട് എന്ന് മാക്സ്വെൽ ചൂണ്ടിക്കാട്ടുന്നു. അവിശ്വസനീയമായ സ്ലോ ബോളുകളും യോർക്കറുകളുമൊക്കെ ബുംറയുടെ ഏറ്റവും വലിയ കഴിവായി മാക്സ്വൽ ചൂണ്ടിക്കാട്ടുകയുണ്ടായി. നിലവിൽ എല്ലാ ട്രിക്കും കയ്യിലുള്ള ചുരുക്കം ചില പേസർമാരിൽ ഒരാളാണ് ബുംറ എന്ന് മാക്സ്വെൽ പറഞ്ഞുവെക്കുന്നു.

“ഒരുപക്ഷേ ഞാനെന്റെ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ബോളർ ബുമ്ര ആയിരിക്കും. നിലവിൽ എല്ലാ ഫോർമാറ്റുകളും എടുത്തു പരിശോധിച്ചാൽ ഏറ്റവും മികച്ച ബോളർ അവൻ തന്നെയാണ്. അവൻ പന്ത് റിലീസ് ചെയ്യുന്ന പോയിന്റ് ശ്രദ്ധിക്കണം. താൻ കാൽപാദം വയ്ക്കുന്നതിന് ഒരുപാട് മുൻപിൽ നിന്ന് പന്ത് റിലീസ് ചെയ്യാൻ അവന് സാധിക്കാറുണ്ട്. അവസാന നിമിഷം ഏത് പോയിന്റിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അവന് തീരുമാനിക്കാൻ സാധിക്കും. മാത്രമല്ല അവിശ്വസനീയമായ സ്ലോബോളാണ് അവന്‍റെ ശക്തി. കൃത്യമായ യോർക്കറുകളും അവനുണ്ട്. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ സാധിക്കും. അവിസ്മരണീയമായ കൈക്കുഴയാണ് അവന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ഫാസ്റ്റ് ബോളർക്ക് വേണ്ട എല്ലാ ട്രിക്കുകളും അവന്റെ കയ്യിലുണ്ട്.”- മാക്സ്വെൽ പറയുന്നു.

നിലവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ നിറസാന്നിധ്യമാണ് ബുംറ. നവംബർ 22ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലും ബൂമ്ര നിർണായക ഘടകമാകും എന്ന കാര്യത്തിൽ സംശയമില്ല. ഓസ്ട്രേലിയൻ മണ്ണിൽ ഒരുപാട് മികച്ച റെക്കോർഡുള്ള ബോളറാണ് ബുംറ. ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 32 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. ഇത്തവണ മുഹമ്മദ് ഷാമിയുടെ അഭാവത്തിൽ വലിയ ദൗത്യമാണ് ബുംറ നിര്‍വഹിക്കേണ്ടത്.

Previous articleഷമി പുറത്ത്. ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുന്നത് ഈ താരങ്ങളെ
Next articleകോഹ്ലി ഇക്കാര്യം ചെയ്യണം. നിര്‍ദ്ദേശവുമായി ദിനേശ് കാർത്തിക്ക്.