ഇന്ത്യ : ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ ടീം ഇന്ത്യക്ക് 10 വിക്കറ്റ് ജയം സമ്മാനിച്ചത് പേസർ ജസ്‌പ്രീത് ബുംറയുടെ മികവാണ്. മത്സരത്തിൽ 6 ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയെ മുൻ താരങ്ങളും ക്രിക്കറ്റ് ലോകവും വാനോളം പുകഴ്ത്തിയിരുന്നു. ഓവൽ ഗ്രൗണ്ടിൽ ഒരു ഇന്ത്യൻ പേസറുടെ ഏകദിനത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളില്‍ ഒന്ന് കാഴ്ചവെച്ച ബുംറ നിലവിൽ ലോകത്തിലെ നമ്പർ വൺ ഏകദിന ബൗളർ കൂടിയാണ്. കഴിഞ്ഞ ദിവസത്തെ ഐസിസി റാങ്കിങ്സ് പ്രകാരം ബുംറ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒന്നാമത് എത്തി. ഇപ്പോൾ താരത്തെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ.
യാതൊരു സംശയവുമില്ല ലോക ക്രിക്കറ്റിൽ തന്നെ മൂന്ന് ഫോർമാറ്റിലും ജസ്‌പ്രീത് ബുംറയാണ് നമ്പർ വൺ എന്നാണ് മൈക്കൽ വൊണിന്‍റെ നിരീക്ഷണം. മൂന്ന് ഫോർമാറ്റിലും നിലവിൽ ഇത്രത്തോളം മികവിൽ ബൗൾ ചെയ്യുന്നതായ മറ്റൊരാൾ ഇല്ലെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്‍റെ അഭിപ്രായം.
ഓവലില്‍ നടന്ന ഏകദിനത്തിൽ 7.2 ഓവറിൽ വെറും 19 റൺസ് വഴങ്ങിയാണ് 6 വിക്കറ്റുകൾ വീഴ്ത്തിയത്.ആൾ ഫോർമാറ്റ് ബൗളേഴ്‌സ് എന്നൊക്ക നിലവിൽ ലോക ക്രിക്കറ്റിൽ പറയാൻ കഴിയുന്നത് ബുംറയും പാക് പേസർ ഷഹീൻ അഫ്രീഡിയുമെന്നാണ് മൈക്കൽ വോണിന്‍റെ നിരീക്ഷണം.
“നമുക്ക് എല്ലാം തന്നെ ഒരു സംശയവുമില്ലാതെ പറയാം ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ പേസർ ജസ്‌പ്രീത് ബുംറയാണ്. അദ്ദേഹത്തിന്റെ ഒപ്പം നമുക്ക് ഷഹീൻ അഫ്രീഡി, ട്രെന്റ് ബോൾട്ട് എന്നിവരുടെ പേരുകൾ പറയാൻ കഴിയുമെങ്കിലും എനിക്ക് ഉറപ്പുണ്ട് അവരെക്കാൾ എല്ലാം തന്നെ വളരെ മുൻപിലാണ് ബുംറ ഇപ്പോൾ. അദ്ദേഹം എല്ലാ അർഥത്തിലും ഓരോ ദിനവും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന താരമാണ് ” മൈക്കൽ വോൺ തുറന്ന് പറഞ്ഞു.