ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ് എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യയോടൊപ്പം ഹെഡ് കോച്ചായ ആശീഷ് നെഹ്റയും ടീമിന്‍റെ വിജയത്തിനു നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറായ ആശീഷ് നെഹ്റയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ടീമിലെ യുവതാരമായ യാഷ് ദയാല്‍.
ഗുജറാത്ത് ടീമിന്‍റെ അരങ്ങേറ്റത്തോടൊപ്പമായിരുന്നു യാഷ് ദയാലിന്‍റെ ഐപിഎല്‍ അരങ്ങേറ്റവും. സീസണില്‍ 11 വിക്കറ്റുകളാണ് താരം നേടിയത്.മത്സരങ്ങള്‍ നടക്കുമ്പോഴുള്ള ആശീഷ് നെഹ്റ തന്നെയാണ് പരിശീലന സമയത്തും എന്ന് ടൈറ്റന്‍സ് യുവതാരം വെളിപ്പെടുത്തി.
❝ ആശീഷ് സര്‍ എനിക്ക് ഒരു അനുഗ്രഹം പോലെയാണ്. അദ്ദേഹം ഒരു പിതാവിനെപ്പോലെയാണ്. ആശീഷ് സാറിന്‍റെ വാക്കുകള്‍ എന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കി. യുവതാരമായിരുന്ന കാലത്തെ തന്നെപ്പോലെയാണ് നെഹ്‌റയ്‌ക്ക് എന്നെ തോന്നിയിരുന്നത് ❞ അഭിമുഖത്തിനിടെ യാഷ് ദയാല്‍ പറഞ്ഞു.
മാനസിക സമര്‍ദ്ദത്തില്‍ അകപെടാതെ സ്വയം പ്രകടിപ്പിക്കാനാണ് നെഹ്റ തന്നോട് ആവശ്യപ്പെട്ടത് എന്ന് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ പങ്കുവച്ചു. പരിശീലന വേളയില്‍ ആശീഷ് നെഹ്റയുടെ സ്വാധീനവും യാഷ് ദയാല്‍ പറഞ്ഞു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ മതിയെന്നാണ് എന്നോട് പറഞ്ഞിരുന്നത്. ഇതിനേക്കാള്‍ വലിയ വേദി കിട്ടാനില്ല. അതിനാല്‍ സ്വന്തം ശൈലിയില്‍ കളിക്കാനാണ് നെഹ്‌റ ഉപദേശിച്ചത്.
❝പന്ത് കയ്യിലെടുത്താല്‍ പിന്നോട്ട് നോക്കേണ്ട കാര്യമില്ല. ടീം പ്രാക്‌ടീസിന് പുറമെ സമയം കണ്ടെത്തി എനിക്കൊപ്പം നെറ്റ്‌സില്‍ വരുമായിരുന്നു. പ്രത്യേകിച്ച് ഒരു താരത്തിനായി ഇത്രത്തോളം സമയം ഒരു പരിശീലകന്‍ ചിലവിടുന്നത് ഞാന്‍ മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നു കേട്ടിട്ടില്ല ❞ യാഷ് ദയാല്‍ കൂട്ടിചേര്‍ത്തു