ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ബുമ്രയുടെ പന്തിലുള്ള നിയന്ത്രണത്തെ പ്രശംസിച്ചാണ് ശാസ്ത്രീ സംസാരിച്ചത്. വസീം അക്രം, വഖാർ യൂനിസ്, ഷെയ്ൻ വോൺ എന്നീ ഇതിഹാസ താരങ്ങളോട് ബുമ്രയെ ഉപമിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്.
ഈ താരങ്ങൾക്ക് പന്തിന് മേലുള്ള നിയന്ത്രണം ബുമ്രയ്ക്കും ഉണ്ടെന്ന് രവി ശാസ്ത്രി പറയുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പിൽ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ബൂമ്ര കാഴ്ച വെച്ചിരുന്നത്. 15 വിക്കറ്റുകൾ ടൂർണ്ണമെന്റിൽ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ലോകകപ്പിലെ താരമായി തിരഞ്ഞെടുത്തതും ബുമ്രയെ തന്നെയായിരുന്നു. ഇതിന് ശേഷമാണ് രവി ശാസ്ത്രിയുടെ പ്രശംസ.
കൃത്യമായ രീതിയിൽ ബോളിന് മേൽ നിയന്ത്രണം പാലിക്കാൻ ബുമ്രയ്ക്ക് സാധിക്കുന്നുണ്ട് എന്ന് രവി ശാസ്ത്രി പറയുകയുണ്ടായി. അതിനാൽ തന്നെ ബാറ്റർമാർക്ക് അവനെതിരെ റൺസ് കണ്ടെത്തുക എന്നത് അങ്ങേയറ്റം ദുർഘടമായി മാറാറുണ്ട് എന്നും ശാസ്ത്രി പറയുന്നു. “ബോളിങ്ങിൽ എത്രമാത്രം മികച്ച താരമാണ് താൻ എന്ന് ലോക ക്രിക്കറ്റിനെ അറിയിക്കാൻ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഏത് സമയത്തും ബോളിൽ നിന്ന് കൃത്യമായി സ്ഥിരത കണ്ടെത്തി ഫലം മെച്ചപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്തരം കഴിവുകളുള്ള താരങ്ങൾ വളരെ കുറവാണ്.”- ശാസ്ത്രി പറയുന്നു.
“ബൂമ്രയെ പോലെ ബോളിൽ കൃത്യമായി നിയന്ത്രണമുള്ള ബോളർമാർ വളരെ കുറവാണ്. വഖാർ യൂനിസിനും വസീം അക്രത്തിനും അവരുടെ പ്രതാപകാലത്ത് അത്തരത്തിൽ ബോളിൽ കൃത്യമായ നിയന്ത്രണം ഉണ്ടായിരുന്നു. ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോണിനും ഇത്തരത്തിൽ ബോളിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചിരുന്നു. 2024 ട്വന്റി20 ലോകകപ്പിൽ ബൂമ്രയ്ക്ക് അത്തരത്തിലുള്ള നിയന്ത്രണം ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.”- രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യ ബുമ്രയ്ക്ക് വിശ്രമം നൽകുകയാണ് ഉണ്ടായത്. ശ്രീലങ്കയ്ക്കെതിരെയും സിംബാബ്വെയ്ക്കെതിരെയും നടന്ന ട്വന്റി20 പരമ്പരയിൽ ബൂമ്ര കളിച്ചിരുന്നില്ല. ശേഷം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ബൂമ്രയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലൂടെ ബുമ്ര തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.