മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി തന്നെയായിരുന്നു രാജസ്ഥാൻ താരം ജയിസ്വാൾ സ്വന്തമാക്കിയത്. മത്സരത്തിൽ 62 പന്തുകളിൽ 124 റൺസ് ജയിസ്വാൾ നേടുകയുണ്ടായി. ഇതോടൊപ്പം ഈ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്കോററായും ജയിസ്വാൾ മാറി. ഇതുവരെ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 428 റൺസ് ഈ യുവതാരം നേടിയിട്ടുണ്ട്.
47.5 ശരാശരയില്‍ ബാറ്റ് ചെയ്ത താരം ഈ സീസണിൽ മൂന്ന് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടി കഴിഞ്ഞു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ജയിസ്വാൾ എത്രമാത്രം നിർണായക കളിക്കാരനാണ് എന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാന്റെ കോച്ച് കുമാർ സംഗക്കാര. ജയിസ്വാൾ അതുല്യ പ്രതിഭ മാത്രമല്ല, വളരെ കഠിനപ്രയത്നത്തിലൂടെ കടന്നുപോകുന്ന ക്രിക്കറ്റർ കൂടിയാണ് എന്നാണ് സംഗക്കാര പറയുന്നത്.
“ജയിസ്വാൾ വളരെ കഴിവുള്ള ഒരു ക്രിക്കറ്റർ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഒരുപാട് കഠിനപ്രയത്നങ്ങൾ അയാൾ ചെയ്യുന്നുണ്ട്. തയ്യാറെടുപ്പുകൾക്കായി അയാൾ ഒരുപാട് സമയം കണ്ടെത്തുന്നു. ഒരുപാട് സമയം നെറ്റ്സിൽ ചിലവഴിക്കുന്നു. കഴിഞ്ഞ 3-4 വർഷങ്ങളിൽ അയാൾ അയാളുടെ ഗെയിമിൽ വളരെയധികം ശ്രദ്ധിക്കുകയും മെച്ചങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് കാണിക്കുന്നത് അയാൾ എത്രമാത്രം ശ്രദ്ധേയമായിട്ടും പക്വതയോടെയുമാണ് മത്സരത്തെ സമീപിക്കുന്നത് എന്നാണ്. മാത്രമല്ല ഇതിനുള്ള ഫലം അയാൾക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്.”- സംഗക്കാര പറഞ്ഞു.
“മുംബൈയ്ക്കെതിരായ മത്സരത്തിലും അയാൾ മനോഹരമായ ഇന്നിങ്സ് ആയിരുന്നു കാഴ്ചവച്ചത്. ഇന്നിങ്സിലുടനീളം രാജസ്ഥാനായി ബാറ്റ് ചെയ്യാൻ ജയിസ്വാളിന് സാധിച്ചു. അത് ഒരു അവിസ്മരണീയമായ കാര്യം തന്നെയാണ്. ഇനിയും ജയിസ്വാളിന് ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. രാജസ്ഥാനൊപ്പം മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും അയാൾക്ക് ഒരുപാട് പടവുകൾ കീഴടക്കാൻ സാധിക്കും. അയാൾ കൃത്യമായിറൺസ് നേടുകയും ദേശീയ ടീമിലേക്കുള്ള വാതിലിൽ തുടർച്ചയായി മുട്ടുകയും ചെയ്യണം.”- സംഗക്കാര കൂട്ടിച്ചേർത്തു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവതാരങ്ങളെ അണിനിരത്തി വമ്പൻ റെക്കോർഡാണ് രാജസ്ഥാൻ റോയൽസ് ഇതുവരെ സൃഷ്ടിച്ചിട്ടുള്ളത്. ഇതുവരെ 9 മത്സരങ്ങൾ രാജസ്ഥാൻ കളിച്ചപ്പോൾ അഞ്ചെണ്ണത്തിൽ വിജയം കാണുകയാണുണ്ടായത്. നിലവിൽ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. അടുത്ത മത്സരങ്ങളിൽ കൂടെ വിജയം നേടി പ്ലെയോഫിലെത്താനുള്ള ശ്രമത്തിലാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ.