2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. ആദ്യ റൗണ്ടിൽ പാക്കിസ്ഥാൻ, അയർലൻഡ്, അമേരിക്ക എന്നീ ടീമുകളെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ സൂപ്പർ 8ൽ എത്തിയത്. ശേഷം സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെയും ഇന്ത്യ പരാജയപ്പെടുത്തുകയുണ്ടായി.
ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുന്നത്. ഇതുവരെ ഇന്ത്യയെ ഈ ലോകകപ്പിൽ കൈപിടിച്ച് കയറ്റിയ ഒരു താരമാണ് ഹർദിക് പാണ്ഡ്യ. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്തി പല നിർണായക ഘട്ടങ്ങളിലും ഇന്ത്യയുടെ കരുത്തായി തുടരാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. പാണ്ഡ്യയുടെ ഈ ലോകകപ്പിലെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
സ്റ്റാർ സ്പോർട്സിൽ നടത്തിയ ഒരു അഭിമുഖത്തിലാണ് ഗൗതം ഗംഭീർ പാണ്ഡ്യയെ പ്രശംസിച്ച് സംസാരിച്ചത്. ഇന്ത്യയെ സംബന്ധിച്ച് പാണ്ഡ്യ ഒരു എക്സ് ഫാക്ടറാണ് എന്ന് ഗൗതം ഗംഭീർ പറയുകയുണ്ടായി.
“വളരെയധികം കഴിവുകളും മാനസിക ശക്തിയുമുള്ള ഒരു താരമാണ് ഹർദിക് പാണ്ഡ്യ. നിലവിലെ ഇന്ത്യൻ ടീമിൽ അവനൊരു പ്രധാന അംഗം കൂടിയാണ്. കളിക്കളത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികവ് പുലർത്താൻ ഇതുവരെ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയെ സംബന്ധിച്ച് അവൻ ഒരു എക്സ് ഫാക്ടറാണ്.”- ഗൗതം ഗംഭീർ പറയുകയുണ്ടായി.
ട്വന്റി20 ലോകകപ്പിൽ എത്തുന്നതിന് മുൻപ് മാനസികപരമായി ഒരുപാട് സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടിവന്നു എന്ന് ഗംഭീർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതൊക്കെയും തരണം ചെയ്യാൻ അവനു സാധിച്ചിട്ടുണ്ട് എന്ന് ഗംഭീർ വിലയിരുത്തി.
“അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമ്പോൾ ഓരോ താരങ്ങൾക്കുമേലും അമിതമായ സമ്മർദ്ദം ഉണ്ടാകും. പ്രത്യേകിച്ച് ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ്കളിൽ കളിക്കുമ്പോൾ. മാത്രമല്ല വളരെ കുറച്ചു കളിക്കാർക്ക് മാത്രമേ അവരുടെ രാജ്യത്തിനായി ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുകയുള്ളൂ.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഈ ലോകകപ്പിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ ഹർദിക് പാണ്ഡ്യ സ്വന്തമാക്കിയിട്ടുണ്ട്. നിർണായകമായ വിക്കറ്റുകളാണ് ഇന്ത്യക്കായി പാണ്ഡ്യ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഓസ്ട്രേലിയക്കെതിരായ മത്സരത്തിലടക്കം ബാറ്റിങ്ങിലും പാണ്ഡ്യ തിളങ്ങുകയുണ്ടായി. ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്കുതന്നെ പാണ്ഡ്യ വഹിക്കുന്നുണ്ട്. വരും മത്സരങ്ങളിലും പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.