ബംഗ്ലാദേശിനെതിരായ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന ഇന്ത്യയുടെ പരമ്പര സെപ്റ്റംബർ 19നാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിലാണ് നടക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിലേക്ക് ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
എന്നാൽ യുവതാരമായ ഋതുരാജിനെ ഇന്ത്യ ഒഴിവാക്കുകയാണ് ചെയ്തത്. മികച്ച ബാറ്റർ ആയിരുന്നിട്ടും ഋതുരാജിനെ ഇന്ത്യ ടീമിൽ തിരഞ്ഞെടുക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ. ഇന്ത്യൻ ടീമിൽ ഋതുവിനെക്കാൾ കൂടുതൽ അവസരങ്ങൾ ശുഭ്മാൻ ഗില്ലിന് ലഭിക്കുന്നു എന്നാണ് ആകാശ് പറയുന്നത്.
“ഒരുപാട് ആരാധകരുള്ള താരമാണ് ഋതുരാജ്. അത് ശരിയാണ്. മാത്രമല്ല മികച്ച ബാറ്റിംഗ് സാങ്കേതികതയും അവനുണ്ട്. ക്ലാസ് ഷോട്ടുകൾ കളിക്കാനും, കട്ട് ഷോട്ടുകൾ കളിക്കാനും, പുൾ ഷോട്ടുകൾ കളിക്കാനും അവന് അനായാസം സാധിക്കും. എല്ലാത്തരം ടെക്നിക്കുകളും അവന്റെ ബാറ്റിംഗിലുണ്ട്. എന്നിരുന്നാലും കഴിഞ്ഞ ഒന്നര വർഷമായി അവന് ടീമിൽ വേണ്ട രീതിയിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഋതുരാജിനെക്കാൾ ഒരുപാട് മുകളിലാണ് ഇപ്പോൾ ഗിൽ നിൽക്കുന്നത്. ഇന്ത്യയുടെ നായകനും പരിശീലകനും സെലക്ടർമാരുമൊക്കെ ശുഭ്മാൻ ഗില്ലിനെ അടുത്ത ഇന്ത്യൻ നായകനായും സൂപ്പർതാരമായും ഇതിനോടകം പരിഗണിച്ചു കഴിഞ്ഞു.”- ആകാശ് ചോപ്ര പറയുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഋതുരാജിന് പറ്റിയ സ്ഥാനം നിലവിലില്ല എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ മറ്റു താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഋതുരാജിന് പറ്റിയ സ്ഥാനങ്ങൾ ഒന്നുംതന്നെ നിലവിലെ ഇന്ത്യൻ ടീമിൽ ലഭ്യമല്ല. ഇന്ത്യയെ സംബന്ധിച്ച് വളരെ ശക്തമായ ഒരു ബാറ്റിംഗ് നിരയാണ് ഇപ്പോഴുള്ളത്. അത് ഋതുരാജിന്റെ ടീമിലെ സ്ഥാനത്തെ ബാധിക്കുന്നുണ്ട്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
“ഇനി കുറച്ചധികം കാലത്തേക്ക് ഇന്ത്യ ഏകദിന മത്സരങ്ങൾ ഒന്നുംതന്നെ കളിക്കുന്നില്ല. മാത്രമല്ല ഋതുരാജിനെ ഇന്ത്യ ട്വന്റി20 മത്സരങ്ങൾക്കുള്ള സ്ക്വാഡിലും ഉൾപ്പെടുത്തിയിട്ടില്ല. വിരാട് കോഹ്ലിയും രോഹിത് ശർമയും തങ്ങളുടെ വിരമിക്കൽ പൂർണമായും പ്രഖ്യാപിച്ചു കഴിഞ്ഞാൽ, സെലക്ടർമാർ കൂടുതലായി ആക്രമണ മനോഭാവമുള്ള ബാറ്റർമാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. ഋതുരാജിനെ പോലെ ഒരു താരത്തിലേക്ക് അവർ വരാൻ സാധ്യത കുറവാണ്”- ആകാശ് ചോപ്ര പറഞ്ഞുവെക്കുന്നു. ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള ഋതുരാജ് 633 റൺസാണ് നേടിയിട്ടുള്ളത്.