ലോകകപ്പിൽ നാലാം നമ്പറിൽ ഇറങ്ങാൻ യോഗ്യൻ അവനാണ്. യുവരാജ് പറയുന്നു.

ഇന്ത്യൻ നിരയിലെ എക്കാലത്തെയും മികച്ച നാലാം നമ്പർ ബാറ്ററായിരുന്നു മുൻ സൂപ്പർ താരം യുവരാജ് സിംഗ്. 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലുമൊക്കെ ഇന്ത്യയുടെ നട്ടെല്ലായി മാറാൻ യുവരാജിന് സാധിച്ചിരുന്നു. എന്നാൽ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനുശേഷം അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

നാലാം നമ്പറിൽ ഇന്ത്യ പലരെയും മാറിമാറി പരീക്ഷിച്ചെങ്കിലും യുവരാജിന് പകരമാവാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യം ഇന്ത്യയുടെ നിലവിലെ നായകനായ രോഹിത് ശർമ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലേക്ക് എത്തുമ്പോഴും ഇന്ത്യയ്ക്ക് വലിയ തലവേദനയായുള്ളത് നാലാം നമ്പർ ബാറ്റിംഗ് തന്നെയാണ്. ഇപ്പോൾ 2023 ഏകദിന ലോകകപ്പിൽ നാലാം നമ്പർ ബാറ്ററാവാൻ യോഗ്യനാര് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവരാജ് സിംഗ്.

പ്രമുഖ മാധ്യമമായ ദ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് യുവരാജ് സിംഗ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. നിലവിലെ ഫോം കണക്കിലെടുക്കുകയാണെങ്കിൽ രാഹുലാണ് നാലാം നമ്പറിൽ കളിക്കാൻ യോഗ്യൻ എന്ന് യുവരാജ് പറയുന്നു.

“നാലാം നമ്പർ എന്നത് ഒരു ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ബാറ്റിംഗ് പൊസിഷനാണ്. ഒരു സമയത്ത് തന്നെ ഒരു ഓപ്പണറുടെയും മധ്യനിര ബാറ്ററുടെയും ഒരു ഫിനിഷറുടെയും റോളിൽ കളിക്കാൻ സാധിക്കുന്ന താരത്തെ നമ്മൾ നാലാം നമ്പറിൽ ഇറക്കണം. ഇപ്പോഴുള്ള ഇന്ത്യൻ ടീമിലെ താരങ്ങളുടെ ഫോം പരിഗണിച്ചാൽ കെഎൽ രാഹുലാണ് നാലാം നമ്പർ പൊസിഷനിൽ ഇറങ്ങാൻ ഏറ്റവും ഉത്തമം.”- യുവരാജ് പറയുന്നു.

അതോടൊപ്പം ലോകകപ്പ് ടൂർണമെന്റുകളിൽ ഒരു ഓൾറൗണ്ടറുടെ പ്രാധാന്യത്തെ പറ്റിയും യുവരാജ് സംസാരിച്ചു. “ഓൾ റൗണ്ടർമാരുടെ പ്രകടനം എല്ലായിപ്പോഴും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബാറ്റിങ്ങിലോ അല്ലെങ്കിൽ ബോളിങ്ങിലോ, അതുമല്ലെങ്കിൽ ഫീൽഡിങ്ങിലോ ഓൾ റൗണ്ടർമാർ എല്ലായിപ്പോഴും ഉപകാരപ്രദമായി മാറാറുണ്ട്.

ടീമിലേക്ക് ഒരു എക്സ്ട്രാ ബാറ്ററെ ഉൾപ്പെടുത്താനായി ഇത്തരം ഓൾ റൗണ്ടർമാരുടെ സാന്നിധ്യം പലപ്പോഴും സഹായിക്കുന്നു. 2011 ലോകകപ്പിൽ ഞാൻ ഒരു പാർട്ട് ടൈം സ്പിന്നറായിരുന്നു. എന്നിട്ട് പോലും ടീമിലെ പ്രധാന ഇടങ്കയ്യൻ സ്പിന്നറായി മാറാൻ എനിക്ക് സാധിച്ചു.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യയുടെ നാലാം നമ്പർ പൊസിഷന് വേണ്ടി ഒരുപാട് താരങ്ങളാണ് രംഗത്തുള്ളത്. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രാഹുൽ എന്നിവർ ഇന്ത്യയുടെ നാലാം നമ്പർ സ്ഥാനത്തിനായി മത്സരിക്കുകയാണ്. എന്നിരുന്നാലും രാഹുലും ശ്രേയസ് അയ്യരും നാലാം നമ്പർ പൊസിഷനിൽ ഇന്ത്യക്കായി ലോകകപ്പിൽ കളിക്കാനാണ് സാധ്യത. പരിശീലന മത്സരങ്ങളിലെ കൂടി പ്രകടനം കണക്കിലെടുത്ത ശേഷമാവും ഇക്കാര്യത്തിൽ ഇന്ത്യൻ ടീം ഒരു അന്തിമ തീരുമാനം കൈക്കൊള്ളുക.