പഞ്ചാബിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാർ യാദവാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
സൂര്യ മത്സരത്തിൽ 53 പന്തുകളിൽ 78 റൺസ് നേടി മുംബൈയെ വമ്പൻ സ്കോറിൽ എത്തിച്ചു. മത്സരത്തിൽ 20 ഓവറുകളിൽ 192 റൺസാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തിൽ തന്നെ പതറി. എന്നാൽ മധ്യനിരയിൽ ആഷുടോഷ് ശർമയുടെ വെടിക്കെട്ട് പഞ്ചാബിന് വലിയ പ്രതീക്ഷ നൽകി.
28 പന്തുകളിൽ 61 റൺസ് നേടിയ ആഷുടോഷ് പഞ്ചാബിനെ വിജയത്തിൽ എത്തിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ മുംബൈ അവസാന നിമിഷം കിടിലൻ ബോളിംഗ് മികവ് പുലർത്തിയതോടെ പഞ്ചാബ് 183 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
ഇത്തരം അവിസ്മരണീയമായ മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭംഗിയാണ് എന്ന് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ പറയുന്നു. “എന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ വളരെ നല്ലൊരു മത്സരമാണ് ഇവിടെ നടന്നത്. എല്ലാവരുടെയും പക്വതയും മറ്റും ഇവിടെ പരീക്ഷിച്ചു കഴിഞ്ഞു. ഈ മത്സരത്തിൽ പലരുടെയും കൃത്യമായ സ്വഭാവ വിശേഷങ്ങൾ പരീക്ഷിക്കപ്പെടും എന്ന് ഞാൻ മത്സരത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നു. പല സമയത്തും മത്സരത്തിൽ മുൻപിൽ ഞങ്ങളാണ് എന്ന രീതിയിൽ ചിന്തകൾ വന്നിരുന്നു. എന്നാൽ നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തരം മത്സരങ്ങൾ വരുന്ന ഒരു ടൂർണമെന്റ് ആണ്.”- പാണ്ഡ്യ പറയുന്നു.
മത്സരത്തിലെ ആഷുതോശിന്‍റെ ഇന്നിങ്സിനെ പറ്റിയും പാണ്ട്യ സംസാരിക്കുകയുണ്ടായി. “അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് അവൻ കാഴ്ചവെച്ചത്. മത്സരത്തിലേക്ക് എത്തിയ ഉടൻതന്നെ ഇത്തരത്തിൽ വലിയ ഇന്നിംഗ്സ് കാഴ്ചവെക്കാൻ അവന് സാധിച്ചു. നേരിട്ട എല്ലാ പന്തുകളും അവന്റെ ബാറ്റിന്റെ മധ്യ ഭാഗത്ത് തന്നെ കൊള്ളുന്നുണ്ടായിരുന്നു. അവന്റെ ഇന്നിംഗ്സിൽ വളരെ വലിയ സന്തോഷമുണ്ട്.”
”മാത്രമല്ല അവൻ ഒരു ഭാവി താരമാണ് എന്നത് ഉറപ്പാണ്. മത്സരത്തിൽ എത്ര മികച്ച നിലയിലാണെങ്കിലും നമ്മൾ വിജയത്തെപ്പറ്റി തന്നെ ചിന്തിക്കണം എന്ന് ടൈം ഔട്ട് സമയത്ത് ഞാൻ പറഞ്ഞിരുന്നു. അതിനാൽ മത്സരത്തിൽ പൂർണമായും ശ്രദ്ധിക്കാൻ സാധിച്ചു. ചില ഓവറുകളിൽ വളരെ മൃദുവായിട്ടാണ് ഞങ്ങൾ മുൻപോട്ടു പോയത്. എന്നിരുന്നാലും വിജയം വിജയം തന്നെയാണ്.”- ഹർദിക്ക് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച ബോളിഗ് പ്രകടനമാണ് മുംബൈയെ വലിയ തോതിൽ സഹായിച്ചത്. തുടക്കത്തിൽ തന്നെ പഞ്ചാബ് ബാറ്റർമാരെ എറിഞ്ഞിടാൻ ബൂമ്രയ്ക്ക് സാധിച്ചിരുന്നു. പഞ്ചാബ് നായകൻ സാം കരൻ, റൂസോ, അപകടകാരിയായ ശശാങ്ക് സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ ബുമ്ര നേടിയത്. മത്സരത്തിൽ നിശ്ചിത നാലോറുകളിൽ കേവലം 21 റൺസ് മാത്രം വിട്ടു നൽകിയാണ് ബൂമ്ര 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.