ഉറങ്ങിപ്പോയത് കൊണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ സാധിച്ചില്ല. ക്ഷമ ചോദിച്ച് ബംഗ്ലാ ഉപനായകൻ ടസ്കിൻ.

2024 ട്വന്റി20 ലോകകപ്പിൽ പരാജയങ്ങൾ അറിയാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തങ്ങൾ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സൂപ്പർ 8ൽ ബംഗ്ലാദേശിനെതിരായ മത്സരം. ആവേശകരമായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ ബംഗ്ലാദേശിന്റെ ഉപനായകനായ ടസ്കിൻ അഹമ്മദ് കളിച്ചിരുന്നില്ല.

എന്തുകൊണ്ടാണ് താൻ മത്സരത്തിൽ കളിക്കാതിരുന്നത് എന്ന് വിശദീകരിക്കുകയാണ് ടസ്കിൻ ഇപ്പോൾ. മത്സരത്തിന് തൊട്ടുമുൻപ് ഉറക്കമായിരുന്നുവെന്നും ഉണരാൻ കഴിയാതിരുന്നതോടെ ടീമിനൊപ്പം ബസ്സിൽ മൈതാനത്തേക്ക് പോകാൻ സാധിച്ചില്ല എന്നുമാണ് ടസ്കിൻ പറഞ്ഞത്. ഇതുമൂലമാണ് തനിക്ക് മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്നത് എന്ന് ടസ്കിൻ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് ജനതയ്ക്ക് ക്ഷമാപണം നടത്തിയാണ് അഹമ്മദ് രംഗത്ത് എത്തിയത്. ക്രിക്ബസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കൃത്യസമയത്ത് ഉറക്കം ഉണരാൻ സാധിക്കാതെ വന്നതോടെ താരത്തിന് ടീമിന്റെ ബസ്സിനൊപ്പം ചേരാൻ സാധിച്ചില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉറങ്ങിപ്പോയതിനാൽ തന്നെ ഫോൺ കോളുകൾ വന്നതും താൻ അറിഞ്ഞില്ല എന്നാണ് ടസ്കിൻ സഹതാരങ്ങളോട് പറഞ്ഞത്. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനായി കേവലം 2 പേസർമാർ മാത്രമായിരുന്നു ടീമിൽ ഉൾപ്പെട്ടത്. ഇത് പലർക്കും അത്ഭുതവും ഉണ്ടാക്കിയിരുന്നു. മുസ്തഫിസൂർ റഹ്മാനും തൻസീദ് ഹസനുമായിരുന്നു ബംഗ്ലാദേശിന്റെ പേസ് നിരയെ മത്സരത്തിൽ പ്രതിനിധീകരിച്ചത്.

എന്നാൽ മത്സരത്തിൽ 6 പേരെ ബംഗ്ലാദേശി നായകൻ ഷാന്റോ ബോളിങ്ങിനായി നിയോഗിക്കുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിൽ ഒരു ഭേദപ്പെട്ട സ്കോർ തന്നെ മത്സരത്തിൽ നേടുകയുണ്ടായി. 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 146 റൺസിൽ അവസാനിച്ചു. ഇങ്ങനെയാണ് 50 റൺസിന്റെ ആവേശവിജയം ഇന്ത്യയെ തേടിയെത്തിയത്. ഇന്ത്യയുടെ ലോകകപ്പ് കുതിപ്പിന്റെ ആദ്യപടിയായിരുന്നു ഈ വിജയം.

നിലവിൽ ലോകകപ്പിന് ശേഷം സിംബാബ്വെയ്ക്കെതീരായ ട്വന്റി20 പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ലോകകപ്പിൽ അണിനിരന്ന താരങ്ങൾക്ക് പകരം യുവ താരങ്ങളെ പങ്കെടുപ്പിച്ചാണ് ഇന്ത്യ പരമ്പരക്ക് തയ്യാറായിരിക്കുന്നത്. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ സിംബാബ്വെയിൽ കളിക്കുന്നത്. ജൂൺ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ട്വന്റി20 ക്രിക്കറ്റിലേക്ക് യുവ താരങ്ങളെ കൂടുതലായി ഉൾപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഇന്ത്യയ്ക്ക് ഈ പരമ്പരയിലൂടെയുണ്ട്. നിലവിൽ ശുഭമാൻ ഗില്ലാണ് ഇന്ത്യയുടെ പരമ്പരയിലെ നായകൻ.

Previous articleകോഹ്ലി ഈ തലമുറയിലെ ഇതിഹാസം, ബാബറിനെ കോഹ്ലിയുമായി താരതമ്യം ചെയ്യരുത്.
Next article“ബാബറിനെ നേപ്പാൾ ടീം പോലും പ്ലെയിങ് ഇലവനിൽ ഉൾപെടുത്തില്ല”- രൂക്ഷ വിമർശനവുമായി മാലിക്ക്.