2023 ഐപിഎല്ലിൽ രാജസ്ഥാന്റെ രണ്ടു മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസ് സഞ്ജു നേടുകയുണ്ടായി. പിന്നാലെ പഞ്ചാബിനെതിരെ 25 പന്തുകളിൽ 42 റൺസ് സഞ്ജു നേടിയിരുന്നു. ഈ ഇന്നിംഗ്സിന്റെ നിറവിൽ സഞ്ജു സാംസന്റെ ഭാവി പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ. സഞ്ജു എന്തുകൊണ്ടും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സ്ഥാനമർഹിക്കുന്നുണ്ട് എന്നാണ് ഭോഗ്ലെ പറയുന്നത്. ക്രിക്ബസ് നടത്തിയ ഷോയിലായിരുന്നു ഭോഗ്ലെ തന്റെ അഭിപ്രായം അറിയിച്ചത്.
സഞ്ജു ഒരിക്കലും തന്റെ ഇന്നിങ്സിൽ സ്വാർത്ഥത കാണിക്കാറില്ല എന്ന് ഭോഗ്ലെ അവകാശപ്പെടുന്നു. “മത്സരത്തിൽ മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ അതിനെ 70-80 റൺസാക്കി വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുന്ന ഒരുപാട് കളിക്കാറുണ്ട്. സഞ്ജു എന്നാൽ അവരിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ്. സഞ്ജുവിനെ ഒരു കാരണവശാലും സ്വാർത്ഥൻ എന്ന് പറയാനാവില്ല. ടീമാണ് അവന്റെ പ്രധാന കാര്യം. പലപ്പോഴും ടീമിനു വേണ്ടി റിസ്ക് എടുക്കാനാണ് അവൻ തയ്യാറാവുന്നത്. അവനെപ്പോലെയുള്ളവരാണ് ഇന്ത്യൻ ടീമിന്റെ ആവശ്യം. എന്തെന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ ഒരാൾ മാത്രം 70ഉം 80ഉം അടിക്കുന്നതിൽ അർത്ഥമില്ല. ഒരു ടീമിലെ അഞ്ചോ ആറോ കളിക്കാർക്ക് 25 പന്തുകൾ വീതം നേരിട്ട് സഞ്ജുവിന്റെ രീതിയിൽ കളിക്കാൻ സാധിച്ചാൽ തന്നെ, ടീമിന് അനായാസമായി 200 അടിക്കാം.”- ഭോഗ്ലെ പറയുന്നു.
“എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ സഞ്ജുവിന് വേണമെങ്കിൽ കുറച്ച് സ്വാർത്ഥത കാണിക്കാം. കാരണം പഞ്ചാബിനെതിരെ സഞ്ജുവിന് മികച്ച തുടക്കം ലഭിച്ചിരുന്നു. അത് ഒരു 80 റൺസെങ്കിലുമാക്കി മാറ്റാൻ സഞ്ജു ശ്രമിക്കണം. അത്തരം ഇന്നിങ്സുകൾ സഞ്ജുവിൽ നിന്നും ഉണ്ടാവുന്നില്ല. എപ്പോഴും അടിച്ചു തകർക്കാനാണ് സഞ്ജു ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ അയാൾക്ക് സ്വാർത്ഥതയുമില്ല. ഇത്തരം കളിക്കാരെയാണ് ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യം.”- ഭോഗ്ലെ പറഞ്ഞുവെക്കുന്നു.
2022 ഐപിഎൽ സീസണിലും രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം തന്നെയായിരുന്നു സഞ്ജു കാഴ്ചവെച്ചത്. നായകൻ എന്ന നിലയിൽ ടീമിനെ 2022 ഐപിഎല്ലിന്റെ ഫൈനലിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഈ വർഷവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ടീമിന് വിജയം സമ്മാനിക്കാൻ തന്നെയാണ് സഞ്ജുവിന്റെ ശ്രമം. നിലവിൽ രാജസ്ഥാന്റെ ആദ്യ രണ്ടു മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഒരു മത്സരത്തിൽ വിജയിക്കുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.