ഈ വർഷമാണ് ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ലോകകപ്പ് ടീമിനുള്ള അന്തിമ പട്ടികയിലേക്ക് പരിഗണിക്കുന്നവരെയാണ് ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെയും പട്ടിക പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടൻ തന്നെ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
നിരവധി മുൻ താരങ്ങൾ ഇപ്പോൾ തന്നെ ബി.സി.സി.ഐയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ പ്രവചനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് തൻ്റെ സാധ്യതാ പട്ടിക പ്രമുഖ കമൻ്റേറ്ററായ ഹർഷ ഭോഗ്ലേ പുറത്ത്വിട്ടത്. അദ്ദേഹത്തിൻ്റെ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ട്. താരങ്ങളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത് ബി.സി.സി.ഐ റിവ്യൂ യോഗത്തിലാണ്. യോഗത്തിൽ ചർച്ച ചെയ്തതായി അറിയുന്നത് താരങ്ങളുടെ ലഭ്യതയും ജോലിഭാരവും ഫിറ്റ്നസ് മാനദണ്ഡങ്ങളുമാണ്.
ഹർഷ ഭോഗ്ലെയുടെ സാധ്യതാ പട്ടിക ഇങ്ങനെ..
രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷബ് പന്ത്, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്, പ്രസീദ് കൃഷ്ണ.
ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയുടെ ഭാഗമായി എന്നും അറിയുന്നു. ഇതിന് ഒക്കെ ശേഷമാണ് നിർണായ വിവരം ജയ് ഷാ പുറത്തുവിട്ടത്. സാധ്യതാ പട്ടികയിൽ ഉള്ള താരങ്ങളിൽ ചില താരങ്ങളുടെ അടുത്ത് ഐ.പി.എൽ മത്സരങ്ങളിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടും. നാഷണൽ ക്രിക്കറ്റ് അക്കാദമിയെയാണ് തിരഞ്ഞെടുത്ത താരങ്ങളുടെ ജോലി ഭാരം കുറക്കാൻ ഉള്ള ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഐ.പി.എൽ ഫ്രാഞ്ചൈസുകളുമായി ചർച്ചകൾ നടക്കും.