മാന്യൻമാരുടെ കളി എന്നാണ് ക്രിക്കറ്റ് എക്കാലവും അറിയപെടുന്നത്. എന്നാൽ പലപ്പോഴും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവർത്തികൾ ക്രിക്കറ്റ് മത്സരങ്ങളിൽ സംഭവിക്കാറുണ്ട്. അത്തരം ഒരു വിചിത്ര സംഭവമാണ് ഇന്നലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ അരങ്ങേറിയത്. ഇന്നലെ നടന്ന അത്യന്തം ആവേശകരമായ പെഷവാർ സാൽമി : ലാഹോർ ഖലന്ദർസ് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്.ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഫാസ്റ്റ് ബൗളർ തന്റെ ടീമിലെ തന്നെ ഒരു സഹ താരത്തിന്റെ മുഖത്തടിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരമായ ഫോൽക്ക്നർ സൃഷ്ടിച്ച വിവാദങ്ങൾ അവസാനിക്കും മുൻപാണ് പുത്തൻ വിവാദം.
ടൂർണമെന്റിൽ മികച്ച പ്രകടനവുമായി കയ്യടികൾ നേടിയ ഖലന്ദർസ് ബൗളർ ഹാരിസ് റൗഫ് ഇന്നലെ മത്സരത്തിൽ രണ്ടാം ഓവർ എറിയാനെത്തിയ ഉടൻ തന്നെ അഞ്ചാം ബോളിൽ വിക്കെറ്റ് വീഴ്ത്തിയിരുന്നു.പിന്നാലെ വലിയ ആവേശത്തോടെ ലാഹോർ ഖലന്ദർസ് ടീം അംഗങ്ങൾ വിക്കറ്റ് ആഘോഷിക്കാൻ റൗഫിന്റെ അടുത്തേക്ക് എത്തിയെങ്കിലും താരത്തിന്‍റെ ഈ വിചിത്ര പ്രവർത്തി എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു.
പിന്നീട് പേസർ തന്റെ ടീമിലെ സഹതാരമായ കമ്രാൻ ഗുലാമിന്റെ മുഖത്ത് അടിക്കുകയും താരത്തെ വലിയ ദേഷ്യത്തിൽ ഉന്തി മാറ്റുകയും ചെയ്യുന്നത് കാണാൻ സാധിച്ചു. നിമിഷ നേരം കൊണ്ട് തന്നെ ഈ വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
ഈ ഓവറിൽ തന്നെ ഓപ്പണർ ഹസറത്തുള്ള സാസൈയുടെ ക്യാച്ച് കൈവിട്ട് തന്റെ നിർണായക വിക്കറ്റ് നഷ്ടപ്പെടുത്തിയ കമ്രാൻ ഗുലാമിനോടുള്ള ദേഷ്യമാണ് ഹാരിസ് റൗഫ് ഈ ഒരു മോശം പ്രവർത്തിയിൽ കൂടി പ്രകടമാക്കിയതെന്ന് വ്യക്തം.മുൻ താരങ്ങൾ അടക്കം ഫാസ്റ്റ് ബൗളറുടെ ഈ മോശം പ്രവർത്തിക്ക് എതിരെ രംഗത്ത് എത്തി കഴിഞ്ഞു.