കഴിഞ്ഞ 20-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒരു ക്രിക്കറ്റ് ആരാധകരും മറക്കില്ല. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ഒറ്റയാൾ തകർപ്പൻ പോരാട്ടം ആയിരുന്നു അന്ന് കണ്ടത്. അന്ന് ഇന്ത്യയെ വലിയ ഒരു നാണക്കേടിൽ നിന്നും രക്ഷിച്ചത് കോഹ്ലി ആയിരുന്നു. പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് കോഹ്ലി ആയിരുന്നു.
രണ്ടാം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 31 റൺസ് എടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ അന്ന് നഷ്ടപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യ പരാജയപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇന്ത്യയെ അന്ന് വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത് കോഹ്ലി പുറത്താകാതെ നേടിയ 82 റൺസ് ആണ്. അന്ന് പത്തൊമ്പതാം ഓവറിൽ ഹാരിസ് റൗഫിനെതിരെ കോഹ്ലി നേടിയ 2 സിക്സറുകൾ ആണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
ഇപ്പോഴത് ആ സിക്സിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹാരിസ് റൗഫ്. അന്ന് ആ സിക്സറുകൾ കോഹ്ലി നേടിയപ്പോൾ വ്യക്തിപരമായി താൻ തകർന്നുപോയെന്നാണ് താരം പറഞ്ഞത്. മാത്രമല്ല അതുപോലെയുള്ള സിക്സറുകൾ ഇനി കോഹ്ലിയുടെ കരിയറിൽ അദ്ദേഹം നേടുമെന്ന് താൻ കരുതുന്നില്ല എന്നും ഹാരിസ് റൗഫ് പറഞ്ഞു.”ആ സിക്സുകൾ പിറന്നപ്പോൾ ഞാൻ ആകെ തകർന്നു പോയി. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അത് എന്നെ വ്യക്തിപരമായി വളരെയധികം ബാധിച്ചു.
കോഹ്ലി എത്ര മികച്ച താരമാണെന്ന് ലോകത്തിന് അറിയാം. പക്ഷേ അന്ന് കോഹ്ലി നേടിയ സിക്സറുകൾ ഇനി ഒരിക്കൽക്കൂടെ അദ്ദേഹത്തിന് നേടാൻ ആകും എന്ന് ഞാൻ കരുതുന്നില്ല. അപൂർവമായാണ് അത്തരം ഷോട്ടുകൾ ക്രിക്കറ്റിൽ പിറക്കുക. വീണ്ടും വീണ്ടും അത് അടിക്കാൻ ആകില്ല. അത്രമേൽ കൃത്യമായ ഒരു ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിൻ്റെ. പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറന്നത് അതുകൊണ്ടാണ്.”-ഹാരിസ് റൗഫ് പറഞ്ഞു.