ഒരു ക്രിക്കറ്റ് ആരാധകനും മറക്കാത്ത പോരാട്ടം ആയിരുന്നു ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരു പോലെ അമ്പരപ്പിച്ച പ്രകടനമായിരുന്നു വിരാട് കോഹ്ലി അന്ന് കാഴ്ചവച്ചത്. പുറത്താകാതെ 82 റൺസ് എടുത്ത് ഇന്ത്യക്ക് നാടകീയ വിജയം സമ്മാനിച്ചത് കോഹ്ലിയുടെ പോരാട്ടം. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നായി കോഹ്ലിയുടെ ആ ബാറ്റിംഗ് എക്കാലവും വിശേഷിക്കപ്പെടും.
പത്തൊമ്പതാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ പാക് താരം ഹാരിസ് റൗഫിനെതിരെ കോഹ്ലി നേടിയ സിക്സറുകൾ ആരും മറക്കില്ല. ആ രണ്ട് സിക്സറുകൾ ആയിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഹാരിസ് റൗഫ്. അന്ന് തനിക്കെതിരെ കോഹ്ലി അടിച്ച സിക്സറുകളിൽ തനിക്ക് വേദന ഇല്ല എന്നാണ് ഹാരിസ് റൗഫ് വെളിപ്പെടുത്തിയത്.
“വിരാട് കോഹ്ലിയുടെ ഗംഭീര പ്രകടനം ലോകകപ്പിൽ നമ്മൾ കണ്ടതാണ്. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്സ്മാൻ ആണ്. വിരാടിന്റെ ബാറ്റിൽ നിന്നും ഏതൊക്കെ തരത്തിലുള്ള ഷോട്ടുകൾ വരുമെന്ന് നമുക്കെല്ലാം അറിയാം. എനിക്കെതിരെ അദ്ദേഹം അടിച്ച ആ സിക്സറുകൾ ഗംഭീരമായിരുന്നു. വേറെ ഏതെങ്കിലും താരത്തിന് എൻ്റെ ബൗളിങ്ങിൽ അതുപോലെയുള്ള ഷോട്ടുകൾ കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഹർദിക് പാണ്ഡ്യയോ, ദിനേശ് കാർത്തികോ ആയിരുന്നെങ്കിൽ ആ സിക്സറുകൾ എനിക്ക് വേദനയാകുമായിരുന്നു. പക്ഷേ ആ സിക്സറുകൾ വിരാട് കോഹ്ലി നേടിയതുകൊണ്ട് എനിക്ക് വേദനയില്ല.
വ്യത്യസ്ത ക്ലാസ്സുള്ള കളിക്കാരനാണ് അദ്ദേഹം. അവസാന 12 ബോളിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 31 റൺസ് ആയിരുന്നു. എൻ്റെ ഓവറിലെ ആദ്യ നാല് പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസുകൾ മാത്രമാണ് ഞാൻ വിട്ടു കൊടുത്തത്. അവസാന ഓവർ എറിയുന്നത് നവാസ് ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.
അവൻ ഒരു സ്പിന്നർ ആയതുകൊണ്ട് പ്രതിരോധിക്കാൻ ചുരുങ്ങിയത് ഒരു 20 റൺസ് എങ്കിലും വേണം എന്ന് എനിക്കറിയാമായിരുന്നു. അവസാന 8 ബോളിൽ 28 റൺസായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഞാൻ അപ്പോൾ മൂന്ന് സ്ലോ ബോളുകൾ എറിഞ്ഞു. കോഹ്ലിയെ ഞാൻ കബളിപ്പിക്കുകയും ചെയ്തു. നാല് പന്തുകളിൽ ഒരു പന്ത് മാത്രമാണ് ഞാൻ വേഗതയിൽ എറിഞ്ഞത്.”- ഹാരിസ് റൗഫ് പറഞ്ഞു.