ഇത്തവണത്തെ ഐപിൽ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്നുള്ള ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായ ഹാർദിക്ക് പാണ്ട്യ തന്നെയാണ് അത്. കന്നി ഐപിൽ സീസണിൽ തന്നെ തന്റെ ടീമിനെ ഐപിൽ കിരീടത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ട്യ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തെ പ്രശംസ സ്വന്തമാക്കി കഴിഞ്ഞു. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മിന്നി നിൽക്കുന്ന ഹാർദിക്ക് പാണ്ട്യ ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് വീണ്ടും തിരികെ എത്തി കഴിഞ്ഞു. നേരത്തെ ടി :20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഹാർദിക്കിനെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ കിരൺ മോറെ.
ഹാർദിക്ക് പാണ്ട്യയെ 4 ഡി പ്ലയെർ എന്നാണ് കിരൺ മോറെ വിശേഷിപ്പിക്കുന്നത്. ആദ്യത്തെ സീസണിൽ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിച്ച അദേഹത്തിന്റെ മികവ് ആർക്കും ചോദ്യം ചെയ്യാനായി കഴിയില്ല എന്നാണ് മുൻ ഇന്ത്യൻ വിക്കെറ്റ് കീപ്പറുടെ അഭിപ്രായം.
“ഗുജറാത്ത് ഈ ഐപിഎല്ലിൽ അവരുടെ ഓരോ കളിയും കളിച്ച രീതിയാണ് എന്നെ വളരെ ഏറെ ആകർഷിച്ചത്.വളരെ അവിസ്മരണീയമായിരിന്നു അവരുടെ ഈ സീസണിലെ പ്രകടനം.കൂടാതെ ഹാർദിക്ക് പാണ്ട്യ ക്യാപ്റ്റനായതും കിരീടം നേടിയതും എല്ലാം മനോഹരമായ കാഴ്ചയായിരുന്നു. ” കിരൺ മോറെ അഭിപ്രായം വിശദമാക്കി.
“എന്നെ സംബന്ധിച്ചിടത്തോളം ഹാർദിക്ക് പാണ്ട്യ ഒരു കുട്ടിയാണ്. അവന്റെ മികവ് ഇനിയാണ് കാണാൻ പോകുന്നത്.നമ്മൾ സാധാരണ ഒരു കളിക്കാരനെ പറയുക ത്രീഡി എന്നാണ്. എന്നാൽ ഹാർദിക്ക് പാണ്ട്യ ഒരു 4 ഡി പ്ലയെർ ആണ്. അവന്റെ ചുമലിൽ ഇപ്പോൾ ബാറ്റ്‌സ്മാൻ, ബൗളർ, ഫീൽഡർ എന്നതിന് എല്ലാം പുറമേ ഒരു ക്യാപ്റ്റൻ കൂടിയാണ്. നമ്മുടെ നാഷണൽ ടീമിൽ ഇത്രത്തോളം പ്രതിഭയുള്ള ഒരു താരം ഉള്ളതിൽ നമുക്ക് അഭിമാനിക്കാം ” കിരൺ മോറെ തുറന്ന് പറഞ്ഞു.