ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച പോരാട്ടത്തിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസിനു എതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിനായി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുമായി എത്തിയപ്പോൾ അവർ അടിച്ചെടുത്തത് നാല് വിക്കറ്റുകൾ നഷ്ടത്തിൽ 192 റൺസ്.
ഈ ഐപിൽ സീസണില്‍ മിന്നും ഫോമിലുള്ള ഹാർദിക്ക് പാണ്ട്യ ഈ സീസണിലെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയാണ്. മിന്നും പ്രകടനം നടത്തുന്ന രാജസ്ഥാനെതിരെ അറ്റാക്കിംഗ് ശൈലിയിലുള്ള ബാറ്റിങ് മികവ് പുറത്തെടുത്താണ് ഹാർദിക്ക് പാണ്ട്യ തന്റെ മറ്റൊരു ഫിഫ്റ്റിയിലേക്ക് എത്തിയത്. വെറും 52 ബോളിൽ 8 ഫോറും 4 സിക്സും അടക്കമാണ് താരം 87 റൺസിലേക്ക് എത്തിയത്.
എന്നാൽ മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത് മികച്ച തുടക്കം. ഓറഞ്ച് ക്യാപ്പ് ഹോൾഡർ കൂടിയായ ജോസ് ബട്ട്ലർ രാജസ്ഥാൻ റോയൽസ് ടീം ടോട്ടൽ 60 കടത്തി. 24 ബോളിൽ 8 ഫോറും മൂന്ന് സിക്സും അടക്കം ബട്ട്ലർ 54 റൺസ് നേടിയാണ് പുറത്തായത്. അതേസമയം ബട്ട്ലർ, പടിക്കൽ വിക്കെറ്റ് എന്നിവ നഷ്ടമായ രാജസ്ഥാൻ ടീമിന്റെ എല്ലാ പ്രതീക്ഷകളും ക്യാപ്റ്റൻ സഞ്ജു സാംസണിളായിരുന്നു. രാഹുൽ തെവാട്ടിയയുടെ ഓവറിൽ 100 മീറ്റര്‍ സിക്സ് അടിച്ച് തുടങ്ങിയ സഞ്ജു എല്ലാവർക്കും തന്നെ ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും വളരെ നിർഭാഗ്യകരമായ രീതിയിൽ സഞ്ജു തന്റെ വിക്കെറ്റ് നഷ്ടമാക്കി.
ഫെർഗൂസന്‍റെ ഓവറിൽ ഒരു അതിവേഗം സിംഗിൾ നേടാനുള്ള ശ്രമത്തിനിടയിൽ സഞ്ജു തന്റെ വിക്കറ്റ് നഷ്ടമാക്കി. അനാവശ്യമായിട്ടുള്ള ഒരു സിംഗിൾ നേടാനാണ് സഞ്ജു ശ്രമിച്ചത്. ഹാർദിക്ക് പാണ്ട്യയാണ് ഇല്ലാത്ത റണ്ണിനോടിയ സഞ്ജുവിനെ നോൺ സ്ട്രൈക്കർ എൻഡിൽ ഔട്ടാക്കി മടക്കിയത്.ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഈ ത്രോയില്‍ നോണ്‍ സ്ട്രൈക്ക് സ്റ്റംപ് ഒടിഞ്ഞിരുന്നു. കുറച്ച് നേരത്തിനു ശേഷം സ്റ്റംപ് ശരിയാക്കിയതിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്.