ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ബാറ്റിംഗ് ഫോം തുടരുന്ന കാഴ്ച്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഗുജറാത്ത് 15 ന് 2 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ ബാറ്റ് ചെയ്യാനെത്തിയത്. അവസാനം വരെ ക്രീസില്‍ നിന്ന താരം 52 പന്തില്‍ 87 റണ്‍സാണ് നേടിയത്. 8 ഫോറും 4 സിക്സും പിറന്നു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ കുല്‍ദീപ് സെനിന്നെതിരെ ഹാട്രിക്ക് ബൗണ്ടറികളടിച്ച് ഹാര്‍ദ്ദിക്ക് പാണ്ട്യ തന്‍റെ നയം വ്യക്തമാക്കിയിരുന്നു. 14ാം ഓവറില്‍ കുല്‍ദീപിനെ ബൗണ്ടറിയടിച്ചാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തന്‍റെ കരിയറിലെ ആറാം അര്‍ദ്ധസെഞ്ചുറി നേടിയത്. അതിനു ശേഷം സീനിയര്‍ ബോളര്‍ അശ്വിനെ തുടര്‍ച്ചയായി ഗ്യാലറിയില്‍ എത്തിച്ചു.
ഇതാദ്യമായാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഫിഫ്റ്റി നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഹൈദരബാദിനെതിരെ 42 പന്തില്‍ 50 റണ്‍സ് നേടിയാണ് പാണ്ട്യ ഈ മത്സരം കളിക്കാനെത്തിയത്. സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹാര്‍ദ്ദിക്ക്. 33, 31, 27, 50, 87 എന്നിങ്ങനെയാണ് ഹാര്‍ദ്ദിക്ക് നേടിയ റണ്‍സുകള്‍. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി 127 റണ്‍സ് മാത്രമാണ് ഹാര്‍ദ്ദിക്ക് നേടിയത്. എന്നാല്‍ ഇതിനോടകം 5 മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം ഈ റണ്‍സ് മറികടന്നു.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും ഹാര്‍ദ്ദിക്ക് ബ്രേക്ക് എടുത്തിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലൂടെ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തുകയാണ് പാണ്ട്യ. ഇന്ത്യന്‍ ഓള്‍റൗണ്ടറിന്‍റെ തകര്‍പ്പന്‍ ഫോം ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.