രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനഞ്ചാമത് എഡിഷനിൽ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ ആണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൻ്റെ നായകൻ. പരിക്കുമൂലം ഏറെക്കാലമായി ഇന്ത്യൻ ടീമിൽനിന്ന് പുറത്താണ് പാണ്ഡ്യ.അതുകൊണ്ടുതന്നെ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തെ താരത്തിന് മതിയാകൂ.
ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതിൻറെ ഭാഗമായി താരം ടോപ് ഓർഡർ ബാറ്റിംഗിൽ ഇറങ്ങുകയാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. സഹതാരം ഗില്ലാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
ഗില്ലിൻ്റെ വാക്കുകളിലൂടെ.. “ഹർദിക് ഇത്തവണ മറ്റൊരു മൂഡിലാണ്. ന്യൂബോളിൽ ആദ്യ ഓവറിൽ ബാറ്റ് ചെയ്യാൻ ആണ് കൂടുതലും ശ്രമിക്കുന്നത്. ഞങ്ങൾ രണ്ടുപേരും കൂടി ഓപ്പൺ ചെയ്തു പരിശീലിച്ചിരുന്നു. വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. എനിക്കൊപ്പം അദ്ദേഹം ഇന്നിംഗ്സ് തുറക്കാൻ ഇറങ്ങട്ടെ. അതീവ രസകരമായിരിക്കും ആ കോമ്പിനേഷൻ.”-ഗിൽ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ലോകകപ്പിൽ ആയിരുന്നു ഹർദിക് പാണ്ഡ്യ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. രണ്ടുവർഷമായി പുറംവേദന അലട്ടുന്ന താരം ക്രിക്കറ്റിൽ നിന്നും നീണ്ട കാലമായി വിട്ടുനിൽക്കുകയായിരുന്നു. പുറം വേദന മൂലം തന്നെ ബൗളിംഗിൽ നിന്നും താരം വിട്ടുനിന്നിരുന്നു. പുതിയ അധ്യായം തുടങ്ങുന്ന ഹർദിക് ഐപിഎല്ലിൽ എങ്ങനെയിരിക്കും എന്ന് കണ്ടറിയാം.