ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ടതിന് പിന്നാലെ രോഹിത് ശർമയ്ക്ക് ശക്തമായ ഉപദേശം നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയുടെ വിജയത്തിൽ ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും രോഹിത് ശർമയുടെ പ്രകടനം വളരെ നിർണായകമാണ് എന്ന് ഹർഭജൻ പറയുന്നു.
അതുകൊണ്ടു തന്നെ സ്വന്തമായി റൺസ് ഉയർത്തുന്നതിൽ രോഹിത് ശർമയ്ക്ക് സമ്മർദ്ദം ഉണ്ടാവാൻ പാടില്ല എന്ന് ഹർഭജൻ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ തന്റെ വ്യക്തിപരമായ പ്രകടനത്തിൽ രോഹിത്തിന് സമ്മർദ്ദം നേരിട്ടാൽ അത് അവന്റെ ക്യാപ്റ്റൻസിയെയും ബാധിക്കും എന്നാണ് ഹർഭജൻ സിംഗ് കരുതുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ അടക്കം രോഹിത് ശർമയുടെ പ്രകടനത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് എന്ന് ഹർഭജൻ ചൂണ്ടിക്കാണിക്കുകയും ഉണ്ടായി.
വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ശക്തമായ പ്രകടനം കാഴ്ചവച്ച് രോഹിത് ശർമ ആത്മവിശ്വാസത്തിലേക്ക് തിരികെ വരണം എന്നാണ് ഹർഭജൻ സിംഗ് പറഞ്ഞത്. “രോഹിത് ശർമയെ പോലെയുള്ള വലിയ താരങ്ങൾ കൃത്യമായ രീതിയിൽ റൺസ് സ്വന്തമാക്കാതെ വരുമ്പോൾ അത് വലിയ നിരാശയും ആശങ്കയും സൃഷ്ടിക്കും. ഒരുപാട് കഴിവുകളുള്ള താരമാണ് രോഹിത് ശർമ എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇന്ത്യയ്ക്കായി ഇതിനോടകം ഒരുപാട് റൺസ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ മത്സരത്തിൽ രോഹിത്തിന് റൺസ് നേടാൻ സാധിച്ചില്ല. കഴിഞ്ഞ പരമ്പരയിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചില്ല. ഇത്തരത്തിൽ വ്യക്തിപരമായി റൺസ് നേടാൻ സാധിക്കാതെ വരുമ്പോൾ രോഹിത് സമ്മർദ്ദത്തിലാവും.”- ഹർഭജൻ സിംഗ് പറഞ്ഞു.
“തന്റെ വ്യക്തിപരമായ പ്രകടനത്തിൽ ഇത്തരത്തിൽ നമ്മുടെ നായകന് സമ്മർദ്ദമുണ്ടാവാൻ പാടില്ല. അത് അവന്റെ ക്യാപ്റ്റൻസിയെയും ബാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ അവൻ ഉടനെ തന്റെ ബാറ്റിംഗിൽ ഫോമിലേക്ക് തിരികെ എത്തേണ്ടതുണ്ട്. അടുത്ത മത്സരം നടക്കുന്നത് ബ്രിസ്ബെയനിലാണ്. അവിടുത്തെ സാഹചര്യങ്ങൾ രോഹിത്തിന്റെ മത്സരരീതിയോട് കൂടുതൽ യോജിച്ചതാണ്. ഈ മത്സരത്തിലെ പ്രകടനം രോഹിത് മറക്കുകയും അടുത്ത മത്സരത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യണം. തന്റെ വ്യക്തിപരമായ പ്രകടനത്തെ മറന്ന് ടീമിന് കൂടുതൽ പ്രാധാന്യം നൽകി ടീമിനെ വിജയിപ്പിക്കാനാണ് രോഹിത് ശ്രമിക്കേണ്ടത്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.
നായകൻ എന്ന നിലയിൽ തുടർച്ചയായ നാലാമത്തെ ടെസ്റ്റ് പരാജയമാണ് അഡ്ലൈഡിൽ രോഹിത് നേരിട്ടത്. ബാറ്റിംഗിലെ ഇന്ത്യയുടെ മോശം പ്രകടനമായിരുന്നു മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീഴുകയുണ്ടായി. ആദ്യ ഇന്നിംഗ്സിൽ 180 റൺസ് നേടിയ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് , 175 റൺസ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത് 6 വിക്കറ്റ്കൾ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ്. രണ്ടാം ഇന്നിങ്സിൽ നായകൻ പാറ്റ് കമ്മിൻസ് 5 വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയുടെ വേരറുത്തു