2021 ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നടന്നത് ഒരേ സമയത്താണ്. മുംബൈ ഇന്ത്യന്‍സും – സണ്‍റൈസേഴ്സ് ഹൈദരബാദും തമ്മിലുള്ള നിര്‍ണായക പോരാട്ടം നടക്കുമ്പോള്‍ മറുവശത്ത് നേരത്തെ പ്ലേയോഫിലേക്ക് യോഗ്യത നേടിയ ബാംഗ്ലൂര്‍ – ഡല്‍ഹി പോരാട്ടമായിരുന്നു. മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്സ് ഹൈദരബാദ് വെടിക്കട്ട് മത്സരം നടക്കുമ്പോള്‍ മറുവശത്ത് ഒരു ത്രിലര്‍ മത്സരത്തിലേക്കാണ് പൊയ്ക്കോണ്ടിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു മോശം തുടക്കമാണ് ലഭിച്ചത്. നെര്‍ജെ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ ദേവ്‌ദത്ത് പടിക്കലിനെ ഗോള്‍ഡണ്‍ ഡക്കാക്കിയപ്പോള്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയേയും(4) മടക്കി. പിന്നീട് ബാറ്റ് ചെയ്യാനെത്തിയ ഡീവില്ലേഴ്‌സ് 26 റണ്‍സ് നേടി.
പിന്നീട് വിക്കറ്റ് കീപ്പര്‍ ഭരതും, മാക്സ്വെല്വും ചേര്‍ന്നാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. വിജയിക്കാന്‍ 2 ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കെ നോര്‍ജെ എറിഞ്ഞ 19ാം ഓവറില്‍ പിറന്നത് 4 റണ്‍ മാത്രം.
അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 15 റണ്‍. ആവേശ് ഖാന്‍റെ ആദ്യ പന്തില്‍ ഫോറടിച്ച മാക്സ്വെല്‍, രണ്ടാം പന്തില്‍ ഡബിള്‍ ഓടി ഈ സീസണിലെ ആറാം അര്‍ദ്ധസെഞ്ചുറി നേടി. മൂന്നാം പന്ത് യോര്‍ക്കറായിരുന്നപ്പോള്‍ നേടാനായത് ഒരു റണ്‍ മാത്രം. നാലാം പന്ത് റണ്ണൊന്നുമെടുക്കാനായില്ലാ. അഞ്ചാം പന്തില്‍ വീണ്ടുമൊരു യോര്‍ക്കര്‍ എറിഞ്ഞപ്പോള്‍ ലഭിച്ചത് 2 റണ്‍.
ഒരു റണ്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ആക്ഷര്‍ പട്ടേലിന്‍റെ മിസ്ഫീല്‍ഡാണ് ഒരു അധിക റണ്ണിനു വഴിയൊരുക്കിയത്. അവസാന പന്തില്‍ 6 റണ്‍ വേണമെന്നിരിക്കെ ആവേശ് ഖാന്‍ വൈഡ് എറിഞ്ഞു. അവസാന പന്തില്‍ 5 റണ്‍ വിജയലക്ഷ്യമായി കുറഞ്ഞതിനു ശേഷം, ആവേശ് ഖാന്‍റെ ഫുള്‍ടോസ് ബോള്‍ അതിര്‍ത്തി കടത്തിയാണ് ശ്രീകാര്‍ ഭരത് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തില്‍ 52 പന്തില്‍ 78 റണ്‍സാണ് ശ്രീകാര്‍ ഭരത് നേടിയത്. 3 ഫോറും 4 സിക്സും ഈ ഇന്നിംഗ്സില്‍ പിറന്നു.