“സഞ്ജുവിനെ ടീം പിന്തുണയ്ക്കുന്നതിൽ സന്തോഷം. മറ്റുള്ളവർക്കും പ്രതീക്ഷയുണ്ടാവുന്നു “- ജിതേഷ് ശർമ.

GZsqBGiWEAckejp scaled

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ട്വന്റി20 ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാൻ കേരള താരത്തിന് കഴിഞ്ഞു.

ഇപ്പോൾ സഞ്ജുവിന് പ്രശംസകളുമായി രംഗത്തെത്തിരിക്കുകയാണ് ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ. സഞ്ജു ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് തനിക്കും വലിയ സന്തോഷം നൽകുന്നുണ്ട് എന്ന് ജിതേഷ് ശർമ പറഞ്ഞു. മാത്രമല്ല സഞ്ജുവിന് ടീം നൽകുന്ന പിന്തുണ താൻ അംഗീകരിക്കുന്നു എന്നും ജിതേഷ് പറയുകയുണ്ടായി.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ പ്ലേയിങ് ഇലവനിലേക്ക് മത്സരിക്കുന്ന 2 താരങ്ങളാണ് ജിതേഷ് ശർമയും സഞ്ജു സാംസനും. “മത്സരത്തിന് മുൻപും സഞ്ജുവിന്റെ ബാറ്റിംഗ് ഞാൻ കണ്ടിട്ടുണ്ട്. എല്ലായിപ്പോഴും നല്ല രീതിയിൽ ബോളുകളെ നേരിടാൻ സഞ്ജുവിന് സാധിക്കാറുണ്ട്. അവനും ഒരു വിക്കറ്റ് കീപ്പറാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതാണ്.”

“ആദ്യ 2 മത്സരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അത് എന്തുകൊണ്ടാണ് എന്നെനിക്കറിയാം. എന്നിരുന്നാലും സഞ്ജുവിന്റെ കഠിനപ്രയത്നങ്ങൾ ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ട്. അതിനാൽ മൂന്നാം മത്സരത്തിൽ അവൻ മികവ് പുലർത്തണമെന്ന് ഞാൻ കരുതി. മാത്രമല്ല ഒരു മികച്ച ഐപിഎൽ സീസണും സഞ്ജുവിന് ഉണ്ടായിരുന്നു.”- ജിതേഷ് ശർമ പറഞ്ഞു.

Read Also -  സഞ്ജുവിന്റെ പ്രകടനം മാത്രമല്ല, ഈ പരമ്പരയിലെ ഇന്ത്യയുടെ വലിയ പോസിറ്റീവ് ഇതാണ്. ചൂണ്ടികാട്ടി മുൻ താരങ്ങൾ.

“സഞ്ജുവിനെ ഇന്ത്യൻ ടീം പിന്തുണയ്ക്കുന്നത് കാണാൻ വലിയ സന്തോഷമുണ്ട്. അവന് മത്സരത്തിൽ കളിക്കാനുള്ള അവസരം ഇന്ത്യ നൽകി. പ്ലേയിങ് ഇലവനിൽ ഇല്ലാത്ത താരങ്ങൾക്കും അതൊരു വലിയ പ്രതീക്ഷയാണ്. അവരുടെ സമയം എത്തുമ്പോഴും ഇത്തരത്തിൽ അവർക്ക് പിന്തുണ ലഭിക്കുമെന്ന ബോധ്യം ഇതോടെ ഉണ്ടാകുന്നു.”- ജിതേഷ് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി. തന്നെ സഞ്ജുവുമായി താരതമ്യം ചെയ്യുന്നതിനെപ്പറ്റിയും ജിതേഷ് ശർമ സംസാരിച്ചു. അത്തരമൊരു താരതമ്യത്തിൽ കാര്യമില്ല എന്നാണ് താരം പറഞ്ഞത്.

“എന്നെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എല്ലാ വിക്കറ്റ് കീപ്പർമാരും തങ്ങളുടെ പ്രകടനത്തിലും വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരസ്പരം ഏറ്റുമുട്ടാൻ ആരും തന്നെ തയ്യാറാവില്ല. എല്ലാവർക്കും വ്യത്യസ്തമായ റോളാണ് ടീമിലുള്ളത്. എല്ലാവരും വ്യത്യസ്തമായ ശൈലി ഉള്ളവരാണ്. മറ്റുള്ളവരിലേക്ക് ശ്രദ്ധിക്കുന്നതിന് പകരം എന്നിൽ തന്നെ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്. അതാണ് ഞാൻ ഇപ്പോൾ ചെയ്തു വരുന്നതും. ഇക്കാരണത്താൽ തന്നെ ഞാൻ മറ്റൊരാളുമായി എന്നെ താരതമ്യം ചെയ്യാറില്ല. എന്റെ ബാറ്റിംഗ് പ്രക്രിയകളിലും കീപ്പിംഗ് പ്രക്രിയകളിലും ഞാൻ ശ്രദ്ധിക്കുന്നു.”- ജിതേഷ് പറഞ്ഞുവയ്ക്കുന്നു.

Scroll to Top