ഹർദിക്കിനൊപ്പം മധ്യനിരയിൽ അവനുണ്ടായിരുന്നെങ്കിൽ ഇന്ത്യ കൂടുതൽ ശക്തരായേനെ. യുവതാരത്തെ പറ്റി ഹർഭജൻ.

2024 ട്വന്റി20 ലോകകപ്പിൽ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതുവരെ ആദ്യ റൗണ്ടിലും സൂപ്പർ എട്ടിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഓരോ മത്സരങ്ങളിലും ഓരോ താരങ്ങളും മികവ് പുലർത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസവും നൽകുന്നുണ്ട്. എന്നാൽ ഈ സമയത്ത് ഇന്ത്യൻ ടീമിന്റെ ടീം സെലക്ഷനെ സംബന്ധിച്ച് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ.

ഇന്ത്യ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചർച്ചയായ ഒന്നായിരുന്നു റിങ്കൂ സിങിന്‍റെ അഭാവം. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 മത്സരങ്ങളിൽ മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. എന്നാൽ ലോകകപ്പിൽ കേവലം റിസർവ് കളിക്കാരനായാണ് റിങ്കുവിനെ ഇന്ത്യ ഉൾപ്പെടുത്തിയത്. റിങ്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കാൻ അർഹതയുള്ള ബാറ്ററായിരുന്നു എന്ന് ഹർഭജൻ സിങ് പറയുന്നു.

rinku singh

ഹർദിക് പാണ്ട്യക്കൊപ്പം മധ്യനിരയിൽ കളിക്കാൻ എന്തുകൊണ്ടും യോഗ്യനായിരുന്നു റിങ്കു സിംഗ് എന്നാണ് ഹർഭജൻ സിംഗ് പറഞ്ഞത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന സൂപ്പർ 8 മത്സരത്തിനിടെയാണ് ഹർഭജൻ ഇക്കാര്യം വ്യക്തമാക്കിയത്.

“റിങ്കുവിനെ ടീമിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ സംബന്ധിച്ച് ലോകകപ്പിൽ കളിക്കാൻ കെൽപ്പുള്ള ബാറ്ററാണ് റിങ്കു സിംഗ്. ഡെത്ത് ഓവറുകളിൽ സ്ഥിരമായി ഇന്ത്യക്കായി സിക്സറുകൾ സ്വന്തമാക്കാൻ കഴിവുള്ള താരമായിരുന്നു റിങ്കു. അത്തരം താരങ്ങളെയാണ് ഇന്ത്യയ്ക്ക് ആവശ്യം.”- ഹർഭജൻ പറഞ്ഞു.

“ലോകകപ്പ് അതിന്റെ അവസാന ഭാഗത്തേക്ക് എത്തുകയാണ് എന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. പക്ഷേ റിങ്കു സിംഗ് ഇങ്ങനെ പുറത്തിരിക്കുന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നല്ല സൂചനയല്ല നൽകുന്നത്. ഹർദിക് പാണ്ട്യയ്ക്കൊപ്പം മധ്യനിരയിൽ അവിശ്വസനീയ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമായിരുന്നു അവൻ.”- ഹർഭജൻ സിംഗ് സ്റ്റാർ സ്പോർട്സിൽ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ലോകകപ്പിൽ റിങ്കു സിംഗ് ഇല്ലാതിരുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ലോകകപ്പിന് മുൻപ് നടന്ന പരമ്പരകളിലൊക്കെയും ഇന്ത്യക്കായി മികവ് പുലർത്താൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

rinku singh finish

റിങ്കുവിന് പകരം ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെയെയാണ് ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സിംബാബ്വെയ്ക്കെതിരെ നടക്കാനിരിക്കുന്ന 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയുടെ പ്രധാന താരമായി റിങ്കുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ടീം സെലക്ഷനിൽ അപാകതകൾ നിലനിൽക്കുമ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുന്ന താരങ്ങൾ ഇപ്പോഴും ഇന്ത്യയുടെ ലോകകപ്പ് നിരയിലുണ്ട്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ 30 റൺസ് ഇതുവരെ അവൻ സേവ് ചെയ്തു. പിന്തുണയുമായി സുനിൽ ഗവാസ്കർ.
Next article“ധോണീ, നീ ഇല്ലെങ്കിലും ഇന്ത്യയ്ക്ക് കിരീടം ലഭിക്കും, കണ്ടോളൂ”. വെല്ലുവിളിച്ച് യോഗ്‌രാജ് സിംഗ്.