ഗുജറാത്ത് ടൈറ്റൻസിനെതിരായ ശക്തമായ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന് അഭിനന്ദന പ്രവാഹം. ഇന്ത്യയുടെ മുൻ താരമായ ഹർഭജൻ സിംഗാണ് ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ 32 പന്തുകളിൽ 60 ആയിരുന്നു സഞ്ജു സാംസൺ നേടിയത്. സഞ്ജുവിന്റെ ഈ മികവാർന്ന ഇന്നിങ്സിന്റെ ബലത്തിൽ 4 പന്തുകൾ ശേഷിക്കെ 3 വിക്കറ്റുകൾക്ക് രാജസ്ഥാൻ മത്സരത്തിൽ വിജയം കാണുകയുണ്ടായി. ഇതിനു പിന്നാലെയാണ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഹർഭജൻ രംഗത്ത് വന്നത്.
സഞ്ജുവിനെ പോലെയുള്ള കളിക്കാർക്ക് മറ്റു കളിക്കാരെക്കാൾ ധൈര്യമുണ്ട് എന്നാണ് ഹർഭജൻ പറയുന്നത്. “ഒരു മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഒരു നായകന്റെ ഇന്നിങ്സ്. സഞ്ജുവിനെ പോലെയുള്ള കളിക്കാർക്ക് മറ്റു കളിക്കാരെക്കാൾ ധൈര്യം കൂടുതലാണ്. സഞ്ജു ഒരു സ്പെഷ്യൽ കളിക്കാരനാണ്. ഹെറ്റ്മെയ്റെക്കാൾ മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കിയത് സഞ്ജു തന്നെയായിരുന്നു. കാരണം അയാളാണ് മത്സരത്തെ നിയന്ത്രിച്ചത്. മത്സരം ഫിനിഷ് ചെയ്യുകയാണ് ഹെറ്റ്മെയ്ർ ചെയ്തത്.”- ഹർഭജൻ സിംഗ് പറയുന്നു.
“ഒരു ബാറ്റർക്ക് തങ്ങളുടെ കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാൻ സാധിക്കും. ഈ കാരണം കൊണ്ടാണ് മഹേന്ദ്ര സിംഗ് ധോണി മത്സരങ്ങൾ അവസാന ഓവറുകളിലേക്ക് എത്തിക്കുന്നത്. ധോണിക്ക് തന്റെ കഴിവിൽ യാതൊരുതര സംശയങ്ങളും ഉണ്ടായിരുന്നില്ല. അവസാനനിമിഷം വരെ ക്രീസിൽ തുടരാനാവുകയാണെങ്കിൽ മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കുമെന്ന് ധോണി എന്നും വിശ്വസിച്ചിരുന്നു. അതുപോലെയാണ് സഞ്ജു സാംസനും.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.
“ഹെറ്റ്മെയ്ർ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹം മത്സരത്തിന്റെ അവസാനം വരെ തുടരുകയും മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാൽ മത്സരം അവസാനം വരെ എത്തിച്ചത് സഞ്ജു സാംസണാണ്. സഞ്ജുവിന് ഇതുപോലെ ഒരുപാട് കഴിവുകളുണ്ട്. അദ്ദേഹം ഇന്ത്യക്കായി കളിക്കണം.”- ഹർഭജൻ സിംഗ് പറഞ്ഞുവെക്കുന്നു. രാജസ്ഥാൻ റോയൽസിന്റെ സീസണിലെ നാലാം വിജയമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഉണ്ടായത്.