ത്രില്ലര്‍ പോരാട്ടം. വെങ്കിയുടെ പോരാട്ടവും റിങ്കുവിന്‍റെ ഫിനിഷും. റാഷീദ് ഖാന്‍റെ ഹാട്രിക്ക് വിഫലം.

ഗുജറാത്തിനെതിരായ മത്സരത്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. അവസാന ഓവറിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച റിങ്കു സിംഗണ് മത്സരത്തിൽ കൊൽക്കത്തയുടെ വിജയശിൽപി. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ വേണ്ടത് 29 റൺസായിരുന്നു. എന്നാൽ യാഷ് ദയാലിനെതിരെ തുടർച്ചയായി 5 സിക്സറുകൾ നേടി അവിശ്വസനീയമായ രീതിയിൽ റിങ്കു മത്സരത്തിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തിൽ 21 പന്തുകളിൽ 48 റൺസ് ആണ് റിങ്കു സിംഗ് നേടിയത്.

85fac71c 8d02 4b15 b7ce 38d6334e1f0d

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഗുജറാത്തിന് മികച്ച തുടക്കം തന്നെയാണ് സാഹയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ഇരുവർക്കും ശേഷമെത്തിയ സായി സുദർശനും ഒരു തകർപ്പൻ അർത്ഥസെഞ്ച്വറി നേടിയതോടെ ഗുജറാത്ത് സ്കോർ കുതിച്ചു. മത്സരത്തിൽ 38 പന്തുകളിൽ 53 റൺസായിരുന്നു സായി സുദർശൻ നേടിയത്. ശേഷം അഞ്ചാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ ഗുജറാത്തിനായി അവസാന ഓവറുകളിൽ താണ്ഡവമാടി. മത്സരത്തിൽ 24 പന്തുകളിൽ 63 റൺസാണ് വിജയ് ശങ്കർ നേടിയത്. ഇന്നിങ്സിൽ 4 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 204 റൺസ് ഗുജറാത്ത് നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല കൊൽക്കത്തക്ക് ലഭിച്ചത്. തങ്ങളുടെ ഓപ്പണർമാരെ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. നാലോവറുകൾ പിന്നിട്ടപ്പോൾ കൊൽക്കത്ത 28ന് 2 എന്ന നിലയിലായിരുന്നു. അതിനുശേഷം ഒരു ഉഗ്രൻ കൂട്ടുകെട്ടാണ് നായകൻ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേർന്ന് കെട്ടിപ്പടുത്തത്. ഒരു നായകന്റെ മുഴുവൻ ഉത്തരവാദിത്വത്തോടെയും കളിച്ച നിതീഷ് റാണ 29 പന്തുകളിൽ 45 റൺസ് നേടുകയുണ്ടായി. വെങ്കിടേഷ് അയ്യർ മത്സരത്തിൽ 43 പന്തുകളിൽ 80 റൺസ് നേടുകയുണ്ടായി. കുറച്ചധികം നാളുകൾക്ക് ശേഷമാണ് അയ്യർ ഇത്തരത്തിൽ കൊൽക്കത്തക്കായി മികച്ച ഇന്നിംഗ്സ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇരുവരും കൂടാരം കയറിയതിനു ശേഷം ഗുജറാത്ത് മത്സരത്തിൽ ആധിപത്യം നേടി.

20230409 190552

പതിനേഴാം ഓവറിൽ ഒരു തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി റാഷിദ് ഖാൻ കൊൽക്കത്തയെ ഞെട്ടിച്ചു. വമ്പനടിക്കാരായ റസലിനെയും(1) നരയനേയും(0) ശർദുൾ താക്കൂറിനെയും(0) തുടർച്ചയായ ബോളുകളിൽ റാഷിദ് ഖാൻ കൂടാരം കയറ്റി. എന്നാൽ അവസാന ഓവറിൽ റിങ്കു സിങ് കൊൽക്കത്തയ്ക്കായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവച്ചു. 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത്. റിങ്കു സിംഗ് തുടർച്ചയായി 5 സിക്സറുകൾ അവസാന ഓവറിൽ നേടി. ഇതോടെ മത്സരത്തിൽകൊൽക്കത്ത അവിസ്മരണീയമായി വിജയിക്കുകയായിരുന്നു. ഗുജറാത്തിന്റെ ടൂർണമെന്റിലെ ആദ്യ പരാജയമാണിത്.

Previous articleരഹാനെയ്ക്ക് ശേഷം വിജയ് ശങ്കര്‍. 24 പന്തുകളിൽ നേടിയത് 63 റൺസ്.
Next articleലോകക്രിക്കറ്റിലെ തന്നെ അത്ഭുത ഫിനിഷ്. റിങ്കു സിംഗിന്റെ 29 റൺ ഓവർ.