ബാംഗ്ലൂരിനെയും ഗുജറാത്തിനെയും ഒറ്റയടിക്ക് പുറത്താക്കി യുപി. വിജയം 3 വിക്കറ്റുകൾക്ക്.

വനിതാ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി യുപി വാരിയേഴ്സ്. മത്സരത്തിൽ 3 വിക്കറ്റുകൾക്കായിരുന്നു യുപി വാരിയെഴ്സ് വിജയം സ്വന്തമാക്കിയത്. ടാലിയ മഗ്രാത്തിന്റെയും ഗ്രേസ് ഹാരിസിന്റെയും ഉഗ്രൻ ബാറ്റിംഗായിരുന്നു മത്സരത്തിൽ യുപിക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ യുപി തങ്ങളുടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഡങ്ക്ലിയും(23) വോൾവാട്ടും(17) മികച്ച തുടക്കം തന്നെ ഗുജറാത്തിന് നൽകുകയുണ്ടായി. ശേഷം നാലാമതായി ഇറങ്ങിയ ഹേമലതയും അഞ്ചാമതായിറങ്ങിയ ആഷ്‌ലി ഗാർഡ്നറും അടിച്ചു തകർത്തതോടെ ഗുജറാത്തിന്റെ സ്കോർ കുതിക്കുകയായിരുന്നു. ഗാർഡനർ 39 പന്തുകളിൽ 60 റൺസ് നേടിയപ്പോൾ, ഹേമലത 33 പന്തുകളിൽ 58 റൺസ് ആയിരുന്നു നേടിയത്. ഇരുവരുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 178 റൺസ് സ്വന്തമാക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചു.

qAt0Lh6640

179 എന്ന വിജയലക്ഷത്തിനു മുൻപിലേക്ക് ബാറ്റ് വീശിയ യുപിക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ശേഷം വലിയ തകർച്ചയിലേക്ക് പോയ യുപിയെ ടാലിയ മഗ്രാത്തും ഗ്രേസ് ഹാരിസും ചേർന്ന് കൈപിടിച്ചുയർത്തുകയായിരുന്നു. മഗ്രാത്ത് 38 പന്തുകളിൽ 11 ബൗണ്ടറികളുടെ അകമ്പടിയോടെ 57 റൺസ് നേടി. ഗ്രേസ് ഹാരിസ് മത്സരത്തിൽ യുപിയുടെ കാവലാളായി പിടിച്ചുനിന്നു. അവസാന ഓവറുകളിൽ ഗ്രേസ് ഹാരിസിന്റെ വെടിക്കെട്ടായിരുന്നു യുപിയെ വിജയത്തിൽ എത്തിച്ചത്. 41 പന്തുകളിൽ ഏഴു ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 72 റൺസാണ് ഗ്രേസ് ഹാരിസ് നേടിയത്. മത്സരത്തിൽ 3 വിക്കറ്റുകൾക്കായിരുന്നു യുപിയുടെ വിജയം.

യുപിയുടെ തകർപ്പൻ വിജയത്തോടെ പണി കിട്ടിയിരിക്കുന്നത് ഗുജറാത്ത് ജയന്റ്സ് ടീമിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമാണ്. ഇരു ടീമുകളും വിമൻസ് പ്രീമിയർ ലീഗിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇതോടെ പുറത്തായിരിക്കുകയാണ്. അവസാന മത്സരത്തിൽ ഇരു ടീമുകൾക്ക് വിജയിക്കാൻ സാധിച്ചാലും പ്ലെയോഫിൽ എത്താൻ സാധ്യമല്ല.

Previous articleകേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ വിലക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
Next articleജാമിസണ് പകരം സൂപ്പർ താരത്തെ സ്വന്തമാക്കി ധോണിപ്പട. ബോളിങ്ങിൽ ശക്തികൂട്ടി ചെന്നൈ