ഈ വർഷം അവസാനം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പുതുമുഖ താരം ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഉമ്രാനെ ടീമിലെത്തിക്കുന്നത് വളരെ നേരത്തെയാകുമെന്നും, കാര്യങ്ങള്‍ എല്ലാം പഠിക്കേണ്ടത് ഉണ്ടെന്നും മുന്‍ താരം പറഞ്ഞു. അതേ സമയം ഓസ്ട്രേലിയന്‍ മണ്ണില്‍ താരത്തിന്‍റെ വേഗത ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം ആളുകളുടെ നിരീക്ഷണം.
ഐപിഎൽ ൽ മിന്നൽ വേഗത്തില്‍ പന്ത് എറിഞ്ഞ് എല്ലാവരെയും ആകർഷിച്ച ജമ്മു & കശ്മീർ പേസർ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടി. എന്നിരുന്നാലും, ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനിൽ താരത്തെ ഉൾപ്പെടുത്തിയില്ല, മത്സരത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
“അവനെ നിങ്ങളുടെ ടീമിനൊപ്പം കൊണ്ടുപോകുക. അവനെ വളര്‍ത്തുക, അവൻ വൈറ്റ്-ബോൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങട്ടെ, അതായത് 50 ഓവർ ക്രിക്കറ്റ്, ഒരു പക്ഷേ റെഡ്-ബോൾ ക്രിക്കറ്റ്. റെഡ് ബോൾ ടീമിനൊപ്പം അവനെ വളര്‍ത്തിയെടുക്കൂ, അത് എങ്ങനെയെന്ന് നോക്കൂ, ”രവി ശാസ്ത്രി ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയോട് സംസാരിക്കവെ പറഞ്ഞു.
ഐപിഎല്ലിനു മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരബാദ് നിലനിര്‍ത്തിയ താരമായിരുന്നു ഉമ്രാന്‍ മാലിക്ക്. 14 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റാണ് താരം നേടിയത്.