സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശന വിധേയമായിരുന്നു. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. മത്സരത്തിന് ഒരു ദിവസം മുമ്പ് കെ എൽ രാഹുൽ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററിന് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യ തുടർച്ചയായി 13 ടി20 മത്സരങ്ങൾ വിജയിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഫിനിഷിങ്ങ് റോളില്‍ പന്ത് തിളങ്ങിയിരുന്നു. 16 പന്തിൽ 29 റൺസാണ് താരം നേടിയത്. എന്നാല്‍ ടോട്ടല്‍ പ്രതിരോധിക്കുന്നതിനിടെ ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. സ്റ്റാർ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ 2.1 ഓവർ മാത്രമാണ് എറിഞ്ഞത്, പവർപ്ലേയിൽ 18 റൺസ് വഴങ്ങിയ ഹാർദിക് പാണ്ഡ്യ ഒരു ഓവറിൽ മാത്രം ഒതുങ്ങി. നാല് ഓവർ ക്വാട്ട പൂർത്തിയാക്കാൻ ചാഹലിനെ അനുവദിക്കാത്ത പന്തിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയും ചോദ്യം ചെയ്തിരുന്നു.
അതേ സമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രയിം സ്മിത്ത്, റിഷഭ് പന്തിന്‍റെ തീരുമാനത്തെ പിന്തുണക്കുകയാണ് ചെയ്തത്. ബോളര്‍മാരെ തിരഞ്ഞെടുത്ത രീതി ശരിയായി എന്നും, പക്ഷേ ബോളര്‍മാര്‍ വിക്കെറ്റുടക്കാനതാണ് പ്രധാന കാരണമെന്നും സ്മിത്ത് പറഞ്ഞു.
“അവൻ ശരിക്കും നല്ല തീരുമാനങ്ങള്‍ എടുത്തു എന്നാണ് ഞാൻ കരുതുന്നത്. അവൻ ശരിയായ സമയത്ത് ശരിയായ ബോളറുടെ അടുത്തേക്ക് പോയി. കളിയിൽ മുന്നിൽ നിൽക്കാൻ ശ്രമിച്ചു. ദക്ഷിണാഫ്രിക്ക സമ്മർദത്തിലായപ്പോൾ റിഷഭ്, ഭുവിയിലേക്ക് പോയി, അവൻ ഹർഷലിലേക്ക് പോയി. മൊത്തത്തിൽ, അവൻ ശരിയായ തീരുമാനങ്ങളെടുത്തു, പക്ഷേ നിങ്ങളുടെ ബൗളർമാർ നൽകണം, പദ്ധതികൾ നടപ്പിലാക്കണം. ”
“പക്ഷേ, റിഷഭിനു ശരിയായ സമയത്ത് ഞാൻ ശരിയായ തീരുമാനങ്ങളെടുത്തുവെന്ന് പറയാനും കഴിയുമെന്ന് ഞാൻ കരുതുന്നു. ഈ മത്സരത്തില്‍ നിന്നും അവന് അൽപ്പം ആത്മവിശ്വാസം ലഭിക്കും, ”സ്മിത്ത് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.