2015ലെയും 2019ലെയും തെറ്റുകൾ ആവർത്തിക്കില്ല. കപ്പ്‌ നേടാൻ ഇത് സുവർണാവസരമെന്ന് ഷാമി.

ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ ഒരു ആവേശവിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിൽ 70 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയെ വിജയത്തിൽ വലിയ രീതിയിൽ സഹായിച്ചത് മുഹമ്മദ് ഷാമിയുടെ വെടിക്കെട്ട് ബോളിംഗ് തന്നെയായിരുന്നു.

 മത്സരത്തിൽ ഇന്ത്യക്കായി നിർണായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു.  57 റൺസ് മാത്രം വീട്ടുനൽകി 7 വിക്കറ്റുകളാണ് ഷാമി മത്സരത്തിൽ സ്വന്തമാക്കിയത്. ഷാമിയുടെ ഈ പ്രകടനത്തിൽ ന്യൂസിലാൻഡ് ടീം അടിയറവ് പറയുകയായിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് മുഹമ്മദ് ഷാമിയെ ആയിരുന്നു. തന്റെ മത്സരത്തിലെ പ്രകടനത്തെപ്പറ്റി ഷാമി സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചതിൽ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട് എന്നാണ് മുഹമ്മദ് ഷാമി പറഞ്ഞത്. “ഞാൻ എന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ സമയങ്ങളിൽ എനിക്ക് ഒരുപാട് നിശ്ചിത ഓവർ ക്രിക്കറ്റ് കളിക്കാൻ സാധിച്ചിരുന്നില്ല. പല കാര്യങ്ങളും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാൻ യോർക്കറുകളും സ്ലോ ബോളുകളും എറിയുന്നതിനെപ്പറ്റി നിരന്തരം സംസാരിച്ചിരുന്നു. ന്യൂ ബോളിൽ വിക്കറ്റുകൾ കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്. ന്യൂ ബോളിൽ എന്നെക്കൊണ്ടാവുംവിധം ടീമിനെ സഹായിക്കാൻ ഞാൻ ശ്രമിച്ചു.”- മുഹമ്മദ് ഷാമി പറയുന്നു.

“മത്സരത്തിൽ കെയിൻ വില്യംസന്റെ ഒരു ക്യാച്ച് ഞാൻ നഷ്ടപ്പെടുത്തിയിരുന്നു. അതെനിക്ക് വലിയ നിരാശയുണ്ടാക്കി. പിന്നീട് ബോളിങ്ങിലേക്ക് എത്തിയപ്പോൾ ഞാൻ പന്തുകൾ സ്ലോ ആയി എറിയാൻ ഞാൻ ശ്രമിച്ചു. ന്യൂസിലാൻഡ് ബാറ്റർമാർ അവരുടെ ഷോട്ടുകൾ കളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അവസരം മുതലാക്കി. വാങ്കഡേയിലെ വിക്കറ്റ് വളരെ നന്നായിരുന്നു. മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവുമോ എന്ന് ഞങ്ങൾ ഭയന്നു. എന്നാൽ അതുണ്ടായില്ല.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർത്തു.

“എന്നെ സംബന്ധിച്ച മത്സരത്തിൽ ഞങ്ങളുടെ ബാറ്റിംഗ് പ്രകടനം മികച്ചതയാണ് തോന്നിയത്. ഒരുപക്ഷേ മഞ്ഞുതുള്ളികൾ മത്സരത്തിൽ എത്തിയിരുന്നെങ്കിൽ കാര്യങ്ങൾ വേറൊന്നായേനെ. അങ്ങനെയെങ്കിൽ സ്ലോ ബോളുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കില്ലായിരുന്നു. എന്തായാലും വളരെ അവിസ്മരണീയ പോരാട്ടം തന്നെയായിരുന്നു. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്ഫോമാണ്. 2015 ലോകകപ്പിലും 2019 ലോകകപ്പിലും ഞങ്ങൾക്ക് സെമിഫൈനലാണ് നഷ്ടമായത്. എന്നാൽ ഈ അവസരം നന്നായി മുതലാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തരമൊരു അവസരം ഇനി ഞങ്ങൾക്കെല്ലാവർക്കും കൂടി കിട്ടുമോ എന്നറിയില്ല.”- ഷാമി പറഞ്ഞു വയ്ക്കുന്നു.