“എന്തിനോ ഒരു ഗിൽ”. രണ്ടാം ഇന്നിങ്സിൽ പൂജ്യൻ, നിരന്തരം പരാജയം.

gill lean patch

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ശുഭമാൻ ഗിൽ. നിർണായകമായ 2 ഇന്നിംഗ്സുകളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഗില്ലിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ 66 പന്തുകൾ നേരിട്ട ഗിൽ 23 റൺസ് മാത്രമാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ സ്പിന്നറായ ഹാർട്ട്ലിയുടെ പന്തിലായിരുന്നു ഗിൽ കൂടാരം കയറിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ 2 പന്തുകൾ മാത്രം നേരിട്ട് ഗിൽ പൂജ്യനായി മടങ്ങുകയും ചെയ്തു. ഗില്ലിന്റെ തീരെ പക്വതയില്ലാത്ത ഈ ഇന്നിംഗ്സുകൾ ഇതിനോടകം തന്നെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാൽ രോഹിത് ശർമയും രാഹുൽ ദ്രാവിഡും ഗില്ലിനെ വീണ്ടും വിശ്വസിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

ചേതെശ്വർ പൂജാര അടക്കമുള്ള വമ്പൻ താരങ്ങൾ പുറത്തിരിക്കുന്ന സമയത്താണ് ഇന്ത്യ വീണ്ടും ഗില്ലിന് മൂന്നാം നമ്പറിൽ അവസരം നൽകുന്നത്. എന്നാൽ പലപ്പോഴും ഗിൽ നിർണായക സാഹചര്യത്തിൽ കളി മറക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ വീണ്ടും ഇന്ത്യ ഗില്ലിന് അവസരം നൽകുന്നത് ശുഭസൂചനയല്ല എന്ന് ആരാധകടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പറയുകയുണ്ടായി.

തന്റേതായ ശൈലിയിൽ നിന്നും മാറി ടെസ്റ്റ് മത്സരങ്ങളിൽ ഗിൽ കൂടുതൽ പ്രതിരോധ സ്വഭാവം കാട്ടുന്നതും ഗില്ലിന്റെ മോശം പ്രകടനങ്ങൾക്ക് കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നു. തന്റെ ഷോട്ട് സെലക്ഷനിൽ വലിയ തെറ്റുകൾ ഉണ്ടായിട്ടും അതിൽ നിന്നും മാറി ചിന്തിക്കാൻ ഗിൽ തയ്യാറാവുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞത്.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

മുൻപ് വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരുന്നു ഇന്ത്യ മൂന്നാം നമ്പരിൽ ഗില്ലിന് അവസരങ്ങൾ നൽകിയത്. എന്നാൽ വിൻഡീസ് പര്യടനത്തിൽ ഒരു അർത്ഥ സെഞ്ച്വറി പോലും സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചില്ല.

ദക്ഷിണാഫ്രിക്കയിൽ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കേവലം 74 റൺസ് മാത്രമാണ് ഈ യുവതാരം നേടിയത്. വിൻഡീസിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേടിയത് 45 റൺസ്. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആകെ നേടിയത് 23 റൺസ്. വമ്പൻ താരങ്ങൾ ടീമിൽ ഇടം ലഭിക്കാതെ വലയുന്ന സമയത്ത് ഗില്ലിന് ഇനിയും ഇന്ത്യ അവസരങ്ങൾ നൽകേണ്ടതുണ്ടോ എന്നതാണ് വലിയ ചോദ്യമായി നിൽക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ നിർണായകമായ ഒരു സമയത്തായിരുന്നു ഗിൽ ക്രീസിലെത്തിയത്. 231 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് പക്വതയോടെ കളിക്കുന്ന ഒരു താരത്തെയായിരുന്നു ആവശ്യം. എന്നാൽ ഇത്തരത്തിൽ മികവ് പുലർത്തുന്നതിൽ ഗിൽ പരാജയപ്പെട്ടു.

ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിര തകരുകയും ചെയ്തു. വരും മത്സരങ്ങളിലും ഇന്ത്യ ഗില്ലിന് ഇത്തരത്തിൽ അവസരങ്ങൾ നൽകുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. അല്ലാത്തപക്ഷം പൂജാര അടക്കമുള്ള താരങ്ങളെ ഇന്ത്യയ്ക്ക് മൂന്നാം നമ്പറിലേക്ക് തിരികെ വിളിക്കേണ്ടിവരും.

Scroll to Top