2024 ലോകകപ്പിന് തൊട്ടുപിന്നാലെയായി ആയിരുന്നു ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര നടന്നത്. അതിനാൽ തന്നെ ലോകകപ്പിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും ട്വന്റി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുകയുണ്ടായി.
ശേഷം യുവതാരം ഗില്ലിനെയാണ് ട്വന്റി20 പരമ്പരക്കുള്ള ടീമിലെ നായകനായി തിരഞ്ഞെടുത്തത്. ഈ തീരുമാനം യാതൊരു തരത്തിലും ശരിയായില്ല എന്ന് തുറന്നടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. താനായിരുന്നുവെങ്കിൽ ഒരിക്കലും ഗില്ലിനെ പോലെ ഒരു താരത്തെ ക്യാപ്റ്റൻസി ഏൽപ്പിക്കില്ലായിരുന്നു എന്നാണ് അമിത മിശ്ര പറയുന്നത്. എന്നിരുന്നാലും പരമ്പരയിൽ 4- 1 എന്ന നിലയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമിത മിശ്ര തന്റെ വിമർശനം അറിയിച്ചത്. യാതൊന്നിനും കൊള്ളാത്ത ഒരു നായകനാണ് ഗിൽ എന്ന് അമിത് മിശ്ര തുറന്നു പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് ടീമിനെ നയിക്കുന്ന സമയത്ത് ഇക്കാര്യം താൻ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ട് എന്നും മിശ്ര കൂട്ടിച്ചേർത്തു. ടീമിനെ എങ്ങനെ നയിക്കണം എന്ന കാര്യത്തിൽ പൂർണമായ ബോധ്യമില്ലാത്ത താരമാണ് ഗിൽ എന്ന് മിശ്ര പറയുകയുണ്ടായി. എന്തുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് എന്ന് തനിക്ക് ഇപ്പോഴും വ്യക്തമല്ല എന്നും മിശ്ര കൂട്ടിച്ചേർത്തു. മിശ്രയുടെ ഈ പ്രസ്താവന ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
“ഞാനായിരുന്നുവെങ്കിൽ ഒരു കാരണവശാലും ശുഭമാൻ ഗില്ലിനെ പോലെ ഒരു താരത്തിനെ ഇന്ത്യയുടെ നായക സ്ഥാനം ഏൽപ്പിക്കുകയായിരുന്നു. എന്തെന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിലെ അവന്റെ ക്യാപ്റ്റൻസി ഞാൻ നേരിട്ട് കണ്ടതാണ്. ടീമിനെ എങ്ങനെ നയിക്കണം എന്ന കാര്യത്തിൽ ഗില്ലിന് യാതൊരു വ്യക്തതയുമില്ല. ക്യാപ്റ്റൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഗില്ലിന് അറിയില്ല. എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി ഗില്ലിനെ ഏൽപ്പിച്ചതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടുമില്ല. ഇക്കാര്യം സെലക്ടർമാരോട് തന്നെ ചോദിക്കേണ്ടി വന്നേക്കും.”- മിശ്ര പറഞ്ഞു.
വളരെ അപ്രതീക്ഷിതമായി ആയിരുന്നു സിംബാബ്വെ പര്യടനത്തിൽ ഗില്ലിനെ ഇന്ത്യ നായകനായി നിയമിച്ചത്. ആ സമയത്ത് തന്നെ ഇതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു നായകൻ എന്ന നിലയിൽ യാതൊരു അനുഭവസമ്പത്തും ഇല്ലാത്ത താരമാണ് ഗിൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനെ ഏറ്റവുമധികം മത്സരങ്ങളിൽ നയിച്ചിട്ടുള്ള മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ടീമിലുള്ള സമയത്താണ് ഗില്ലിനെ ഇന്ത്യ നായകനായി പ്രഖ്യാപിച്ചത്. എന്നിരുന്നാലും സിംബാബ്വെ പര്യടനത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചത് ഗില്ലിന് വലിയ ആശ്വാസം നൽകുന്നു.