ഗില്ലിനും പരിക്ക്. ഓസീസിനെതിരെ ഇന്ത്യൻ ടീമിൽ പുതിയ 2 താരങ്ങൾ അണിനിരക്കും.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായി വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് ഇന്ത്യൻ ടീമിന് മുൻപിലേക്ക് വരുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും ആദ്യ മത്സരങ്ങളിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നായകൻ രോഹിത് ശർമ തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം ആദ്യ മത്സരത്തിൽ നിന്ന് മാറിനിൽക്കും എന്നാണ് അറിയാൻ സാധിച്ചത്.

ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായ ശുഭമാൻ ഗില്ലിന് പരിക്കേറ്റതും ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ഇൻട്ര- സ്ക്വാഡ് മത്സരത്തിനിടെയായിരുന്നു ഗീല്ലിന് പരിക്കേറ്റത്. മത്സരത്തിനിടെ ഇന്ത്യൻ നിരയിലെ മറ്റുചില താരങ്ങൾക്കും പരിക്ക് പറ്റുകയുണ്ടായി.

സർഫറാസ് ഖാൻ, കെഎൽ രാഹുൽ, വിരാട് കോഹ്ലി എന്നീ താരങ്ങൾക്കാണ് പരിശീലനത്തിനിടയ്ക്ക് പരിക്കുപറ്റിയത്. കോഹ്ലി നിലവിൽ സ്കാനിങ്ങിലൂടെ കടന്നു പോവുകയാണ്. രാഹുൽ പരിക്ക് പറ്റിയ ഉടൻതന്നെ മൈതാനം വിടുകയുണ്ടായി. ഇത്തരത്തിൽ വളരെ പ്രതിസന്ധിഘട്ടത്തിലാണ് ഇന്ത്യൻ ടീം. ഈ സാഹചര്യത്തിൽ “ഇന്ത്യ എ” ടീമിൽ നിന്ന് ചില താരങ്ങളെ ബോർഡർ- ഗവാസ്കർ ട്രോഫിയിലേക്ക് കൂട്ടിച്ചേർക്കാൻ തയ്യാറായിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഇന്ത്യ എ ടീമിലെ പ്രധാന താരങ്ങളായിരുന്ന ദേവദത് പടിക്കൽ, സായി സുദർശൻ എന്നിവരെ സ്ക്വാഡിനൊപ്പം ചേർക്കാനാണ് ടീം മാനേജ്മെന്റ് തയ്യാറാവുന്നത്. ഓസ്ട്രേലിയ ടീമിനെതിരായ അനൗദ്യോഗിക മത്സരത്തിൽ മികച്ച പ്രകടനങ്ങളായിരുന്നു ഇരുവരും കാഴ്ചവെച്ചത്.

“ഇക്കാര്യത്തിൽ ടീം മാനേജ്മെന്റ് ആണ് അവസാന തീരുമാനം എടുക്കേണ്ടത്. എന്നിരുന്നാലും സായി സുദർശനോ ദേവദത്ത് പടിക്കലോ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്കുള്ള സ്ക്വാഡിനൊപ്പം ഇവിടെ തുടരാൻ സാധ്യതയുണ്ട്. നിലവിൽ അഭിമന്യു ഈശ്വരൻ ഇന്ത്യയുടെ ബോർഡർ- ഗവാസ്കർ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഈശ്വരനെ മാത്രം കണ്ടുകൊണ്ട് റിസ്കെടുക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാവില്ല.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറയുകയുണ്ടായി.

ഇംഗ്ലണ്ടിനെതിരെ ധർമശാലയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ദേവദത് പടിക്കൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. മറുവശത്ത് സുദർശൻ ആഭ്യന്തര ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ സമയത്ത് കാഴ്ചവച്ചിട്ടുള്ളത്. ഡൽഹിക്കെതിരെ ഒരു ഇരട്ടസെഞ്ചുറി സ്വന്തമാക്കാനും, സൗരാഷ്ട്രക്കെതിരെ ഒരു അർധസെഞ്ച്വറി സ്വന്തമാക്കാനും സുദർശന് സാധിച്ചിരുന്നു.

ഇന്ത്യയെ ഏകദിന ക്രിക്കറ്റിൽ പ്രതിനിധീകരിച്ച പരിചയം മാത്രമേ സുദർശനുള്ളൂ. എന്തായാലും ഈ താരങ്ങളെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തുമോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കു. നവംബർ 22നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Previous article18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.
Next articleആ ഇന്ത്യന്‍ താരത്തോട് ഓസ്ട്രേലിയയില്‍ തുടരാന്‍ നിര്‍ദ്ദേശം. ഹര്‍ഷിത് റാണ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.