രോഹിതിന് പകരം ഗിൽ, കോഹ്ലിയ്ക്ക് പകരം സഞ്ജു. ഇന്ത്യൻ ടീമിൽ വിപ്ലവത്തിന്റെ മാറ്റൊലി.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളായിരുന്ന രോഹിത് ശർമയും വിരാട് കോഹ്ലിയും ഇതിനോടകം തന്നെ വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷമാണ് ഇരുവരും ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

പല യുവതാരങ്ങളുടെയും സമയം തെളിയാൻ പോകുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇരുവരുടെയും വിരമിക്കൽ സൂചിപ്പിക്കുന്നത്. കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റിംഗ് പൊസിഷനുകൾ കൈക്കലാക്കാൻ വലിയൊരു അവസരമാണ് യുവ താരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ചില താരങ്ങൾ യശസ്വി ജയസ്വാൾ, സഞ്ജു സാംസൺ തുടങ്ങിയവരാണ്. കോഹ്ലിയുടെയും രോഹിത്തിന്റെയും മികവുകൊണ്ട് മാത്രമാണ് ഈ താരങ്ങൾ ലോകകപ്പിൽ പുറത്തിരിക്കേണ്ടി വന്നത്.

ഇന്ത്യക്കായി മുൻപ് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പാരമ്പര്യമുള്ള താരമായിരുന്നു ജയസ്വാൾ. അതുകൊണ്ടുതന്നെ ലോകകപ്പിലെ ചില മത്സരങ്ങളിലെങ്കിലും ജയസ്വാൾ കളിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ജയസ്വാളിന് ട്വന്റി20 ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായത്.

അതിനാൽ കോഹ്ലി ഈ ഫോർമാറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഓപ്പണർ എന്ന റോൾ ജയസ്വാളിലേക്ക് തിരികെ വരാൻ സാധ്യതയുണ്ട്. മാത്രമല്ല യുവതാരമായതിനാൽ അടുത്ത 10 വർഷങ്ങളിൽ ഇന്ത്യയ്ക്കായി ഓപ്പണറായി തിളങ്ങാൻ ജയസ്വാളിന് സാധിക്കും. ഒപ്പം ശുഭമാൻ ഗില്ലിനും രോഹിത് ശർമയുടെ പകരക്കാരനായി ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

രോഹിത്തിന്റെ സീറ്റ് ജയസ്വാളോ ഗില്ലോ ഉറപ്പിച്ചാലും അടുത്ത സംശയം നിൽക്കുന്നത് കോഹ്ലിയുടെ മൂന്നാം നമ്പർ പൊസിഷനാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ മൂന്നാം നമ്പർ സ്ഥാനം ലഭിക്കേണ്ടത് സഞ്ജു സാംസണ് തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ഫേവറേറ്റ് പൊസിഷനായ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

രാജസ്ഥാനായി സഞ്ജു മൂന്നാം നമ്പറിൽ കളിച്ച പല മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാനും അവന് സാധിച്ചു. ലോകകപ്പിലെ 8 മത്സരങ്ങളിലും പന്തിനാണ് ഇന്ത്യ മൂന്നാം നമ്പറിൽ അവസരം നൽകിയത്. പക്ഷേ പല മത്സരങ്ങളിലും പന്ത് പരാജയമായി മാറിയിരുന്നു.

ടീം മാനേജ്മെന്റിന് പ്രിയപ്പെട്ട താരമാണ് പന്ത്. പക്ഷേ ഗൗതം ഗംഭീർ ഇന്ത്യയുടെ കോച്ചായി വരികയാണെങ്കിൽ അത് സഞ്ജുവിന് ഗുണം ചെയ്യും എന്നാണ് കരുതുന്നത്. മോശം പ്രകടനം നടത്തുന്ന പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ട്വന്റി20 ടീമിന്റെ മൂന്നാം നമ്പർ സ്ഥാനത്ത് ഇറക്കാൻ സാധ്യതകൾ അധികമാണ്.

ഇത്തരത്തിൽ ആദ്യം ലഭിക്കുന്ന അവസരങ്ങൾ സഞ്ജു സാംസൺ മുതലെടുക്കുകയാണെങ്കിൽ ഇനിയുള്ള കാലം ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ മൂന്നാം നമ്പർ കളിക്കാരനായി സഞ്ജുവിന് തുടരാൻ സാധിക്കും. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ചുള്ള വ്യക്തതകളൊന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല. എന്തായാലും സിംബാബ്വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പര സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Previous articleട്വന്റി20യിൽ രോഹിതിന് പകരക്കാരാവാൻ സാധിക്കുന്ന 3 ബാറ്റർമാർ ഇവർ.
Next article“ഈ ലോകകപ്പ് ഞങ്ങൾ അർഹിച്ചതാണ്, എളുപ്പം സംഭവിക്കുന്നതല്ല”- സഞ്ജുവിന്റെ ആദ്യ പ്രതികരണം.