ഗില്ലും അയ്യരും ഫോമിലേക്ക് തിരിച്ചുവരും. പിന്തുണയുമായി ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രണ്ടു ബാറ്റർമാരാണ് ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 23 റൺസ് നേടിയ ഗിൽ, രണ്ടാം ഇന്നിങ്സിൽ പൂജ്യനായി പുറത്താവുകയായിരുന്നു.

ശ്രേയസ് അയ്യർ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 35 റൺസ് നേടിയെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ കേവലം 13 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യയുടെ പരാജയത്തിൽ വലിയ കാരണമായി മാറിയത് ഇരുവരുടെയും മോശം ബാറ്റിംഗ് പ്രകടനമാണ്.

ഇതിന് ശേഷം ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഗില്ലിനേയും ശ്രേയസ് അയ്യരെയും പിന്തുണച്ചാണ് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ സംസാരിക്കുന്നത്. ഇരുവരും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, വലിയ മികവോടെ ഇരുവരും തിരിച്ചെത്തും എന്നാണ് തന്റെ പ്രതീക്ഷയെന്നും റാത്തോർ പറയുന്നു.

കഴിഞ്ഞ കുറച്ചധികം മത്സരങ്ങളായി ഗില്ലും അയ്യരും തങ്ങളുടെ ഫോം കണ്ടെത്തുന്നതിനായി വളരെയേറെ വിഷമിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആയിരുന്നു അയ്യർ ടീമിലേക്ക് തിരികെയെത്തിയത്.

എന്നാൽ പരമ്പരയിൽ ഒരു അർത്ഥശതകം സ്വന്തമാക്കാൻ പോലും അയ്യർക്ക് സാധിച്ചില്ല. ഗില്ലിന്റെ കഥയും ഇങ്ങനെ തന്നെയാണ്. എന്നാൽ ഇരുവരും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന, കഴിവുള്ള താരങ്ങളാണ് എന്ന് റാത്തോർ പറയുന്നു. “ഗില്ലിന്റെയും അയ്യരുടെയും ബാറ്റിംഗ് കഴിവുകളുടെ കാര്യത്തിൽ യാതൊരു ചോദ്യവും ഉയരുന്നില്ല. ഇരു താരങ്ങളും വളരെ മികച്ച കളിക്കാരാണ്.”- റാത്തോർ പറഞ്ഞു.

“പല താരങ്ങളും തങ്ങളുടെ മോശം ഫോമിലൂടെ കടന്നുപോയിട്ടുള്ളവരാണ്. മോശം സാഹചര്യത്തിൽ നമ്മൾ ആഗ്രഹിക്കുന്നത്രയും റൺസ് കണ്ടെത്താൻ ബാറ്റർമാർക്ക് സാധിച്ചുവെന്ന് വരില്ല. എന്നാൽ ഞങ്ങൾ കൂടുതലായും ശ്രദ്ധിക്കുന്നത് ഏതുതരത്തിൽ ഇത്തരം ബാറ്റർമാർ തയ്യാറെടുപ്പുകൾ നടത്തുന്നു എന്നതാണ്.”

“ഏത് മാനസികാവസ്ഥയിലാണ് അവർ മത്സരത്തെ നോക്കിക്കാണുന്നത് എന്നും കണക്കിലെടുക്കാറുണ്ട്.”- റാത്തോർ കൂട്ടിച്ചേർത്തു. ഗില്ലും അയ്യരും നെറ്റിൽ ഒരുപാട് സമയം കഠിനപ്രയത്നം ചെയ്യുന്നുണ്ട് എന്നാണ് റാത്തോറിന്റെ പക്ഷം.

“ഇരു താരങ്ങളും വളരെ വലിയ രീതിയിൽ തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നെറ്റ്സിൽ ഒരുപാട് കഠിന പ്രയത്നങ്ങളിൽ ഇരുവരും ഏർപ്പെടുന്നുണ്ട്. മാത്രമല്ല നല്ല രീതിയിലുള്ള സംഭാഷണങ്ങൾ നടത്താനും, കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും ഇരു താരങ്ങൾക്കും സാധിക്കുന്നുണ്ട്.”

“ഇവർക്ക് ഫോമിലേക്ക് തിരികെയെത്താൻ വേണ്ടത് കേവലം നിമിഷങ്ങൾ മാത്രമാണ്. ഞാൻ വിശ്വസിക്കുന്നത് ഒരു വലിയ പ്രകടനത്തിലൂടെ ഇരുവരും തിരികെ ഫോമിലേക്ക് എത്തുമെന്ന് തന്നെയാണ്.”- റാത്തോർ കൂട്ടിച്ചേർക്കുന്നു. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നത്.