2023 ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിലും ശുഭ്മാൻ ഗിൽ കളിക്കില്ല എന്ന വിവരം മുൻപ് പുറത്തുവന്നിരുന്നു. ഇതിന് ശേഷം പാക്കിസ്ഥാനെതിരായ മത്സരത്തിലും ശുഭ്മാൻ ഗിൽ ടീമിലുണ്ടാവില്ല എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഡെങ്കിപ്പനി പൂർണമായും ഭേദമാവാത്ത സാഹചര്യത്തിൽ ഗില്ലിന് പാക്കിസ്ഥാനിരായ മത്സരത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നേക്കും. തിങ്കളാഴ്ചയാണ് ബിസിസിഐ ഗില്ലിന്റെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്. നിലവിൽ ഗില്ലിന് യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട്.
അതിനാൽ തന്നെ അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കുന്ന ഡൽഹിയിലേക്ക് ടീമിനൊപ്പം പോവാൻ സാധിച്ചിരുന്നില്ല. ശേഷം ഗില്ലിനെ ആശുപത്രിയിൽ എത്തിക്കുകയും ടെസ്റ്റുകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പ്ലേറ്റ്ലെറ്റിൽ ക്രമാതീതമായ കുറവ് വന്നതിനാലായിരുന്നു ഗില്ലിനെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് തന്നെ ഗിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.
എന്നിരുന്നാലും ഒക്ടോബർ 14ന് അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരത്തിൽ ഗിൽ അണിനിരക്കാൻ സാധ്യതയില്ല. പിടിഎയുടെ റിപ്പോർട്ട് പ്രകാരം പ്ലേറ്റിലേറ്റിലുണ്ടായ കുറവ് ഗില്ലിന്റെ സാഹചര്യങ്ങൾ കുറച്ചു മോശമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഡോക്ടർമാർ കൃത്യമായി ട്രീറ്റ്മെന്റുകൾ നിർദ്ദേശിക്കുകയും, വിമാനയാത്ര അവഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബിസിസിഐയുടെ തന്നെ ഫിസിഷ്യനായ ഡോക്ടർ റിസ്വാൻ നിലവിൽ ചെന്നൈയിൽ ഗില്ലിനെ പരിചരിക്കുകയാണ്. ഒക്ടോബർ നാലിന് ശേഷം മുഴുവൻ ഇന്ത്യൻ ടീമിനോടുമൊപ്പം ആയിരുന്നു ഗില്‍ ചെന്നൈയിലെത്തിയത്. ശേഷമാണ് ഗില്ലിന് ഡെങ്കിപ്പനി പിടിപെട്ടത്.
“ഗില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ ടീമിന്റെ ഹോട്ടലിലുണ്ട്. അദ്ദേഹത്തിന്റെ പ്ലേറ്റ്ലെറ്റ് 70000 ആയി കുറഞ്ഞിരുന്നു. ഡെങ്കി അസുഖ ബാധിതർക്ക് ഇത്തരത്തിൽ ഉണ്ടാവാറുണ്ട്. ഒരു ലക്ഷത്തിന് താഴെയാണ് കൗണ്ട് എങ്കിൽ മുൻകരുതലിന്റെ ഭാഗമായി ഇത്തരം രോഗികളെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാറുണ്ട്. അതിനാൽ തന്നെ ഞായറാഴ്ച ടെസ്റ്റുകൾക്കും മറ്റുമായി ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മത്സരം നടക്കുന്ന സമയത്തായിരുന്നു ടെസ്റ്റുകൾ. എന്നാൽ തിങ്കളാഴ്ച വൈകിട്ടോടെ ഗില്ലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയുണ്ടായി.”- ഡോക്ടർ പറയുന്നു.
എന്നിരുന്നാലും ഡെങ്കിപ്പനി വിട്ടു മാറിയാലും ഗില്ലിന്റെ ടീമിലെ ലഭ്യത സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ടിൽ പുരോഗതി ഉണ്ടായാലും ഗില്ലിന്റെ ഫിറ്റ്നസ് പഴയപടിയാവാൻ സമയമെടുക്കും എന്നാണ് വിലയിരുത്തലുകൾ. ഗില്ലിന്റെ സാഹചര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ അഹമ്മദാബാദിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹത്തിന് സാധിക്കും. എന്നാൽ മത്സരത്തിന് അനുസൃതമായ രീതിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആ സമയത്തിനുള്ളിൽ ഗില്ലിന് സാധിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു.
ഈ മാസം 12നോ 13നോ അഹമ്മദാബാദിലെത്തിയാലും ഒരു പരിശീലന സെഷൻ പോലും കളിക്കാൻ ഗില്ലിന് സാധിക്കില്ല. മാത്രമല്ല ഇത്ര വേഗത്തിൽ ഗില്ലിനെ ടീമിലേക്ക് എടുക്കാൻ ബിസിസിഐയും തയ്യാറാവില്ല എന്നാണ് വിവരങ്ങൾ. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരവും ഗില്ലിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്