ലോകമെമ്പാടുമുളള ടീമുകള്‍ രോഹിത് ശര്‍മ്മയേയും വിരാട് കോഹ്ലിയേയും ചുറ്റിപറ്റിയാണ് തന്ത്രങ്ങള്‍ മെനയുന്നതെന്ന് വെളിപ്പെടുത്തി മുൻ അഫ്ഗാനിസ്ഥാൻ നായകൻ അസ്ഗർ അഫ്ഗാൻ. ഇരുവരെയും നേരത്തെ പുറത്താക്കിയാൽ ഇന്ത്യൻ ടീമിന്റെ പകുതി പൂർത്തിയാകും എന്നാണ് മുന്‍ അഫ്ഗാന്‍ നായകന്‍ വിശേഷിപ്പിച്ചത്.
“ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോഴെല്ലാം ഞങ്ങളുടെ പ്ലാൻ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ചുറ്റിപ്പറ്റിയായിരുന്നു. ‘അവരെ പുറത്താക്കൂ, ഇന്ത്യൻ ടീമിന്റെ പകുതി പൂർത്തിയായി’ എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ഈ രണ്ട് വമ്പൻ താരങ്ങൾക്കെതിരെ മാത്രമാണ് ലോകം മുഴുവൻ പ്ലാൻ ചെയ്യുന്നത്. അവർ ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാനാകും”
” തുടക്കത്തിലേ അവരെ ആക്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ, കാരണം തുടക്കത്തിലേ അവരെ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അവരെ ബുദ്ധിമുട്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.പ്രത്യേകിച്ച് വിരാട് കോഹ്‌ലി. അവനെ പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, രണ്ടുപേരെയും നേരത്തെ പുറത്താക്കിയാൽ, ഒരു ഏകദിനത്തിൽ ഇന്ത്യയുടെ ടോട്ടലിൽ നിന്ന് ഏകദേശം 100-120 റൺസും ടി20യില്‍ 60-70 റൺസും കുറയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.,” അഫ്ഗാൻ പറഞ്ഞു
ടീമിൽ രോഹിതും വിരാടും ഉണ്ടായിരുന്നിട്ടും, അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിൽ ടീം ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല, എന്നാൽ ഇന്ത്യയുടെ ഫൈനലിലെത്താത്തതിന്റെ പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ പരിക്കാണെന്ന് അഫ്ഗാൻ പറഞ്ഞു.
“പേപ്പറിൽ, ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും മികച്ച ടീമായിരുന്നു അവരുടേത്. അവരുടെ ബാലന്‍സ് വളരെ മികച്ചതായിരുന്നു. പക്ഷേ, അവർ കാര്യങ്ങൾ അൽപ്പം ലാഘവത്തോടെ എടുത്തിട്ടുണ്ടാകാം, പക്ഷേ സൂപ്പർ 4 സ്റ്റേജിൽ തോൽക്കാനുള്ള പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ പരിക്കാണ്. ഇത് അവരുടെ ബാലന്‍സിനെ ശരിക്കും ബാധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.