രവി ശാസ്ത്രിയും ധോണിയും തമ്മിൽ വഴക്കാകുമോ : സംശയവുമായി ഗവാസ്ക്കർ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഐസിസി ടി :20 ലോകകപ്പിനുള്ള 18 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ക്രിക്കറ്റ്‌ പ്രേമികൾ കഴിഞ്ഞ കുറച്ചധികം ആഴ്ചകളായി കാത്തിരുന്ന ഇന്ത്യൻ സ്‌ക്വാഡിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ ഉപനായകനായി രോഹിത് ശർമ്മ എത്തുന്നു. ശിഖർ ധവാൻ അടക്കമുള്ള സീനിയർ താരങ്ങളെ ഒഴിവാക്കിയ സ്‌ക്വാഡിലേക്ക്‌ സർപ്രൈസ് താരമായി എത്തിയത് സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ടി :20 ടീമിലേക്ക് എത്തിയ അശ്വിനെ ഐപിഎല്ലിലെ പ്രകടനമാണ് തുണയായി മാറിയത്. എന്നാൽ എല്ലാവർക്കും ട്വിസ്റ്റ്‌ സമ്മാനിച്ചത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഇതിഹാസ നായകനുമായ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീം മെന്റർ റോളിൽ എത്തുന്നുവെന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷമാണ് ധോണി വിരമിച്ചത്.

എന്നാൽ ധോണിയുടെ വരവിനെ കുറിച്ച് ക്രിക്കറ്റ്‌ നിരീക്ഷകരിൽ അടക്കം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ധോണിയുടെ വരവ് യുവ താരങ്ങൾക്ക് അടക്കം വൻ ഊർജമായി മാറുമെന്നുള്ള അഭിപ്രായങ്ങൾ കൂടാതെ ധോണിയുടെ പുത്തൻ റോൾ നായകൻ വിരാട് കോഹ്ലിയുടെ സമ്മർദ്ദങ്ങൾ കൂടി കുറക്കുവാൻ സഹായിക്കുമെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നു.അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടും നിർദ്ദേശവും തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ

ധോണിയുടെ വരവ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സഹായകമായി മാറും എന്നും അഭിപ്രായപ്പെട്ട സുനിൽ ഗവാസ്ക്കാർ ഈ വിഷയത്തിൽ നിർണായകമായ ഒരു അഭിപ്രായം കൂടി പങ്കുവെച്ചു. ധോണി കൂടി ഇന്ത്യൻ ക്യാമ്പിൽ എത്തുമ്പോൾ ഹെഡ് കോച്ച്, ബാറ്റിങ് കോച്ച് എന്നിവർ അടക്കം വൻ നിര അണിയറയിൽ പ്രവർത്തിക്കും എന്നും പറഞ്ഞ ഗവാസ്ക്കർ ലോകകപ്പ് കാലയളവിൽ ഇരുവർക്കുമിടയിൽ മികച്ച റിലേഷനുണ്ടാവണം എന്നും അഭിപ്രായപെട്ടു.”ധോണിക്കും രവി ശാസ്ത്രിക്കും ഇടയിൽ വളരെ മികച്ച അന്തരീക്ഷമാകണം അല്ലേൽ അത് ഇന്ത്യൻ ടീമിനെ മൊത്തത്തിൽ ബാധിക്കും. ഒത്തൊരുമ ഇരുവർക്കിടയിൽ ഇല്ലെങ്കിൽ അത് ദോഷമായി മാറുവനും സാധ്യതയുണ്ട് “ഗവാസ്ക്കർ മുന്നറിയിപ്പ് നൽകി

“2004ൽ ഞാൻ ഇന്ത്യൻ ടീമിന്റെ പ്രധാന കൺസൾറ്റൻഡ് റോളിലേക്ക്‌ എത്തിയപ്പോൾ അന്നത്തെ ഇന്ത്യൻ പരിശീലകൻ അൽപ്പം ടെൻഷനിലായിരുന്നു ഒരിക്കലും രവി ശാസ്ത്രിക്ക്‌ അങ്ങനെയുള്ള ചിന്തകൾ തോന്നില്ല എന്നാണ് എന്റെ വിശ്വാസം.പരിശീലക കുപ്പായം ധോണി ആഗ്രഹിക്കുന്നില്ല എന്നും നമ്മുക്ക് എല്ലാം അറിയാം. അതിനാൽ തന്നെ രവി ശാസ്ത്രി :ധോണി ജോഡിക്ക്‌ മികച്ച പ്രകടനം താരങ്ങളെ നയിക്കുന്നതിൽ കാഴ്ചവെക്കുവാൻ സാധിക്കും. കൂടാതെ 2011ലെ ഏകദിന ലോകകപ്പ് നേടിയ ധോണിയുടെ എക്സ്പീരിയൻസ് യുവ താരങ്ങൾക്ക്‌ അടക്കം ഉപകാരമായി മാറും “ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി