അടുത്തമാസം ഓസ്ട്രേലിയയിൽ വച്ച് ആരംഭിക്കുന്ന ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈയിടെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയെ നായകനാക്കി 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ചതിനുശേഷം ടീം സെലക്ഷനെതിരെ പലരും വിമർശനവുമായി രംഗത്തുവരുന്നുണ്ട്.
കഴിഞ്ഞ വർഷം ദുബായിൽ വച്ച് നടന്ന 20-20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. അന്ന് ഇന്ത്യയുടെ ബാറ്റിങ് നിരാശപ്പെടുത്തിയത് ആയിരുന്നു ഏറ്റവും വലിയ തിരിച്ചടി. എന്നാൽ ആ ബാറ്റിങ് നിരയിൽ നിന്നും ഒരു മാറ്റം മാത്രമാണ് ഇപ്രാവശ്യത്തെ ലോകകപ്പിന്റെ ടീമിൽ സെലക്ടർമാർ മാറ്റിയിരിക്കുന്നത്.
ഏഷ്യാകപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ രവീന്ദ്ര ജഡേജക് പകരം ദീപക് ഹൂഡയെ ഉൾപ്പെടുത്തിയതാണ് ആ മാറ്റം. എന്നാൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചത് ഫോമിൽ അല്ലാത്ത പന്തിനെ ടീമിൽ ഉൾപ്പെടുത്തി,ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്നും ഒഴിവാക്കിയതാണ്. സഞ്ജുവിന്റെ സമീപകാലങ്ങളിലെ പരമ്പരകളിൽ ഇന്ത്യക്കു വേണ്ടി കളിച്ച ഫോമും കഴിഞ്ഞ ഏഷ്യാകപ്പിൽ മോശം പ്രകടനം നടത്തിയ പന്തിന്റെ ഫോമും എല്ലാ ആരാധകരും കണ്ടതാണ്.
എന്നാൽ പന്തിനെ ഉൾപ്പെടുത്തി സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. അദ്ദേഹം എല്ലാവരാലും പിന്തുണയ്ക്കപ്പെടണം. എന്തുകൊണ്ട് അവനെ ടീമില്‍ എടുത്തു എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനി ഉയരരുത്. നമ്മള്‍ എല്ലാ ടീം അംഗങ്ങളേയും പിന്തുണയ്ക്കുകയാണ് ഇനി വേണ്ടത്. അവരെ നാം കപ്പ് നേടാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കണം.”- ഗാവസ്കർ പറഞ്ഞു.