3 മാറ്റങ്ങളുമായാണ് ഇന്ത്യ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് പൂനെ മൈതാനത്ത് ഇറങ്ങിയത്. ഇതിൽ പ്രധാനപ്പെട്ട മാറ്റം, കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തി എന്നതാണ്. എന്നാൽ ഗംഭീറിന്റെയും രോഹിത്തിനെയും ഈ തന്ത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.
വാഷിംഗ്ടൺ സുന്ദറിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനോട് താൻ യോജിക്കുന്നില്ല എന്ന് ഗവാസ്കർ തുറന്നു പറയുന്നു. ന്യൂസിലാൻഡ് നിരയിൽ ഒരുപാട് ഇടംകയ്യൻ ബാറ്റർമാർ ഉള്ളതിനാലാണ് സുന്ദറിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതെന്ന് മുൻപ് ഗംഭീർ തന്നെ പറഞ്ഞിരുന്നു. ആദ്യ നാലിൽ 3 ഇടംകയ്യൻ ബാറ്റർമാരാണ് ന്യൂസിലാൻഡിനുള്ളത്. എന്നാൽ ഈ തന്ത്രം അത്ര മികച്ചതായി തനിക്ക് തോന്നുന്നില്ല എന്നാണ് ഗവാസ്കർ പറയുന്നത്.
സ്ക്വാഡിൽ ഉൾപ്പെടുത്തിയ ഉടൻ തന്നെ സുന്ദറിനെ ഇന്ത്യ പ്ലെയിങ് ഇലവനിലും ഉൾപ്പെടുത്തുകയായിരുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഗംഭീർ വിശദീകരിക്കുകയുണ്ടായി. “ന്യൂസിലാൻഡ് ടീമിൽ 4-5 ഇടംകയ്യൻ ബാറ്റർമാർ എല്ലായിപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഇടംകയ്യൻ ബാറ്റർമാർക്കെതിരെ പന്തെറിയാനായി അനുയോജ്യരായ ബോളറെ ആവശ്യമാണ്. അത് മുൻപ് തൊട്ട് ഉപയോഗിച്ചു വരുന്ന തന്ത്രമാണ്. വാഷിംഗ്ടൺ സുന്ദർ ഞങ്ങൾക്ക് കൂടുതൽ നിയന്ത്രണം തരും എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾക്ക് അവനൊരു മികച്ച ഓപ്ഷൻ തന്നെയാണ്.”- ഗംഭീർ പറയുകയുണ്ടായി. ഇതിനെതിരെയാണ് ഇപ്പോൾ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത്.
ഗംഭീർ പറഞ്ഞതുപോലെ ന്യൂസിലാൻഡിന്റെ ഇടകയ്യൻ ബാറ്റർമാരെ കണ്ടുകൊണ്ട് മാത്രമല്ല സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത് എന്ന് ഗവാസ്കർ പറയുന്നു. ബാറ്റിംഗിൽ കഴിഞ്ഞ മത്സരത്തിൽ വന്ന പോരായ്മയാണ് ഇതിന് കാരണമെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മധ്യനിര-വാലറ്റ ബാറ്റർമാരിൽ ഇപ്പോഴും ടീമിന് വലിയ ആശങ്കയുണ്ടെന്നും, അതിനാലാണ് സുന്ദറിനെ കൂടി ടീമിലേക്ക് ഉൾപ്പെടുത്തിയത് എന്നും ഗവാസ്കർ കരുതുന്നു.
“ഇന്ത്യ തങ്ങളുടെ ബാറ്റിംഗിൽ നിരാശ പുലർത്തുന്നുണ്ട് എന്നാണ് വാഷിംഗ്ടൺ സുന്ദറിന്റെ ടീമിലേക്കുള്ള കടന്നുവരവ് പറയുന്നത്. കേവലം ഓഫ് സ്പിന്നെറിയുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാലറ്റത്ത് കൂടുതൽ റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ അവന് സാധിക്കും.”- ഗവാസ്കർ പറയുന്നു.
“ന്യൂസിലാൻഡിന്റെ ബാറ്റിംഗ് നിരയിലുള്ള ഇടംകയ്യൻ ബാറ്റർമാരെ പറ്റി ഇതിനോടകം തന്നെ വലിയ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാനായിരുന്നെങ്കിൽ ഒരിക്കലും സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തില്ലായിരുന്നു. കുൽദീവ് യാദവ് തന്നെയാണ് ടീമിൽ കളിക്കാൻ ഏറ്റവും യോഗ്യൻ. കാരണം ഇടംകയ്യൻ ബാറ്റർമാർക്ക് എതിരായി പന്ത് തിരിക്കാനും കുൽദീപിന് സാധിക്കും. മാത്രമല്ല ബാറ്റിങ്ങിലും കുൽദീപ് ഇതിനോടകം തന്നെ മികവ് പുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും സുന്ദറിന്റെ അത്രയും റൺസ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കും സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ അത്ഭുതപ്പെടുത്തി എന്ന് പറയുകയുണ്ടായി.
ഗവാസ്കറുടെ ഈ വാദങ്ങളെല്ലാം തള്ളി ആദ്യ ഇന്നിംഗ്സില്‍ ഏഴു വിക്കറ്റാണ് സുന്ദര്‍ നേടിയത്.