പരിശീലകരും സെലക്ടർമാരും ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുമായി സംസാരിച്ച് താരത്തെ ശരിയായ പാതയിൽ എത്തിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 23 കാരനായ താരം ഇതിനോടകം തന്നെ 3 ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചു. എന്നാല്‍ കുറച്ച് നാളുകളായി താരം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണ്. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് പൃഥി ഷാ അവസാനമായി കളിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും താരത്തിനു ഇന്ത്യന്‍ ടീമിലേക്ക് അവസരം കിട്ടുന്നില്ലാ. അണ്ടർ 19 ടീമില്‍ പൃഥ്വിയെ കോച്ച് ചെയ്ത നിലവിലെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് യുവതാരത്തോട് സംസാരിക്കണമെന്നും താരത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഗംഭീര്‍ പറഞ്ഞു.
“എന്തിനാണ് അവിടെ കോച്ചുകൾ? എന്തിനാണ് സെലക്ടർമാർ? ടീമിനെ തിരഞ്ഞെടുക്കാനോ അല്ലെങ്കിൽ ത്രോ-ഡൗണുകൾ ചെയ്യാനോ വേണ്ടിയല്ല. ആത്യന്തികമായി, സെലക്ടർമാരും പരിശീലകരും മാനേജ്‌മെന്റുമാണ് ഇവരെ സഹായിക്കാൻ ശ്രമിക്കേണ്ടത്. പൃഥ്വി ഷായെപ്പോലെ ഒരാൾ—അവന്റെ കഴിവ് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. അവർ അവനെ ശരിയായ പാതയിൽ എത്തിക്കണം, അതാണ് മാനേജ്മെന്റിന്റെ ജോലികളിലൊന്ന്.” സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ ഗംഭീര്‍ പറഞ്ഞു.
പൃഥി ഷായെ ടീമിനൊപ്പം നിര്‍ത്തി നിരീക്ഷണം നടത്തണമെന്നും ശരിയായ പാതയില്‍ എത്തിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. 2018 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ 18 വയസ്സുള്ളപ്പോൾ പൃഥി ഷാ തന്റെ ഇന്ത്യൻ അരങ്ങേറ്റം നടത്തി, തന്റെ കന്നി ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.