രോഹിതും കോഹ്ലിയും ഷാമിയുമല്ല, ഇന്ത്യയുടെ ഫൈനലിലെ “ഗെയിം ചേഞ്ചർ” അവൻ.. ഗൗതം ഗംഭീർ പറയുന്നു..

shami and kohli

2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളാണ് രോഹിത് ശർമ, വിരാട് കോഹ്ലി, മുഹമ്മദ് ഷാമി എന്നിവർ. രോഹിത് ശർമ എല്ലാ മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം നൽകുകയും കോഹ്ലി എല്ലാ മത്സരങ്ങളിലും ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറുകയും ചെയ്തിട്ടുണ്ട്.

അതേസമയം മുഹമ്മദ് ഷാമി തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും വിക്കറ്റുകൾ നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാനും വലിയ സഹായകരമായി മാറി. എന്നാൽ ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തുമ്പോൾ ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറാൻ സാധ്യതയുള്ള താരം ഇവരാരുമല്ല എന്നാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്. ശ്രേയസ് അയ്യരാവും ഇന്ത്യയുടെ ഫൈനലിലെ രക്ഷകൻ എന്ന് ഗംഭീർ പ്രവചിക്കുന്നു.

ഈ ടൂർണമെന്റിലെ അയ്യരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗംഭീർ സംസാരിച്ചത്. മധ്യ ഓവറുകളിൽ ഇന്ത്യക്കായി വലിയ രീതിയിൽ മത്സര ഗതി മാറ്റിമറിക്കാൻ ശ്രേയസ് അയ്യർക്ക് സാധിക്കുന്നുണ്ട് എന്ന് ഗംഭീർ പറയുന്നു. നിലവിൽ 2023 ഏകദിന ലോകകപ്പിലെ റൺവേട്ടക്കാരിൽ ഏഴാം സ്ഥാനത്താണ് ശ്രേയസ് അയ്യർ നിൽക്കുന്നത്. ഇതുവരെ 10 മത്സരങ്ങളിൽ 2 സെഞ്ച്വറികളും 3 അര്‍ധ സെഞ്ച്വറികളുമടക്കം 526 റൺസ് സ്വന്തമാക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ശേഷം ഏകദിന ലോകകപ്പിന്റെ ഒരു എഡിഷനിൽ 500 റൺസിലധികം നേടുന്ന താരമായി ശ്രേയസ് അയ്യർ മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രവചനം.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

“ഈ ലോകകപ്പിൽ ശ്രേയസ് അയ്യരാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ഗെയിം ചേഞ്ചർ. അദ്ദേഹം വലിയ പരിക്കിൽ നിന്നാണ് തിരിച്ചെത്തിയത്. ശേഷം ടീമിൽ തന്റെ സ്ഥാനത്തിനായി നന്നായി പോരാടി. ഒരു സെമിഫൈനൽ മത്സരത്തിൽ 70 പന്തുകളിൽ സെഞ്ച്വറി നേടുക എന്നത് അവിസ്മരണീയം തന്നെയാണ്. മാക്സ്വെല്ലും സാമ്പയും ബോൾ ചെയ്യുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ പ്രധാന ആയുധം ശ്രേയസ് അയ്യർ തന്നെയായിരിക്കും.”- ഗൗതം ഗംഭീർ പറയുന്നു. ഇന്ത്യക്കായി കഴിഞ്ഞ 4 മത്സരങ്ങളിലും വളരെ മികച്ച പ്രകടനങ്ങളാണ് അയ്യർ പുറത്തെടുത്തിട്ടുള്ളത് 82, 77, 128*, 125 എന്നിങ്ങനെയായിരുന്നു അയ്യരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം.

കഴിഞ്ഞ ആറുമാസം പരിക്കിന്റെ പിടിയിലായിരുന്ന അയ്യർ വലിയൊരു തിരിച്ചുവരവ് തന്നെയാണ് ഇന്ത്യക്കായി നടത്തിയത്. 2023 ഐപിഎല്ലിനിടെ പരിക്കേറ്റ അദ്ദേഹം 2023 ഏഷ്യാകപ്പിലൂടെയാണ് തിരികെ ടീമിലേക്ക് എത്തിയത്. ശേഷം മികവാർന്ന പ്രകടനങ്ങൾ കൊണ്ട് ടീമിന്റെ നാലാം നമ്പർ സ്ഥാനം നേടിയെടുക്കുകയായിരുന്നു. അയർ ഫൈനലിലും മികവാർന്ന പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നാളെ ഓസ്ട്രേലിയക്കെതിരെയാണ് 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്.

Scroll to Top