ലങ്കയ്ക്കെതിരെ 2 തവണ പൂജ്യനായിട്ടും സഞ്ജുവിനെ പിന്തുണച്ച് ഗംഭീർ. സഞ്ജുവിന് സുവർണാവസരം.

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിൽ പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെട്ട താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. പലപ്പോഴും ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി മാറാൻ പാകത്തിനുള്ള പ്രകടനം സഞ്ജു കാഴ്ച വയ്ക്കുന്നില്ല.

2024 ജൂലൈയിൽ ശ്രീലങ്കയ്ക്കതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന് ഇന്ത്യ അവസരം നൽകിയിരുന്നു. എന്നാൽ 2 മത്സരങ്ങളിലും പൂജ്യനായി സഞ്ജു സാംസൺ മടങ്ങുകയുണ്ടായി. പക്ഷേ അതിന് ശേഷം വീണ്ടും സഞ്ജുവിന് അവസരം നൽകിയിരിക്കുകയാണ് ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീർ. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഗംഭീർ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത് സഞ്ജുവിനെയാണ്.

3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത്. പരമ്പരയിൽ ജയ്സ്വാൾ, ഗിൽ എന്നീ ഓപ്പണർമാർ കളിക്കുന്നില്ല. ഇരുവർക്കും പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസനെ ഗംഭീർ ഇന്ത്യയുടെ ഓപ്പണറായി ഇറക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അഭിഷേക് ശർമയ്ക്കൊപ്പമാവും സഞ്ജു ഇന്ത്യൻ ടീമിന്റെ ഓപ്പണറായി മൈതാനത്ത് എത്തുക. ഇതുവരെ 30 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് സഞ്ജു കളിച്ചിട്ടുള്ളത്. 2015ൽ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ 5 തവണ മാത്രമാണ് ഇന്ത്യയുടെ ഓപ്പണറായി മൈതാനത്ത് എത്തിയിട്ടുള്ളത്. തന്റെ ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച സ്കോറായ 77 റൺസ് സഞ്ജു സ്വന്തമാക്കിയത് ഓപ്പണിങ്ങിൽ എത്തിയായിരുന്നു.

ഇതുവരെ ഓപ്പണറായി 5 ഇന്നിങ്സുകളിൽ നിന്ന് 105 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പര അതിനാൽ തന്നെ സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു അവസരമാണ്. തുടർച്ചയായി പൂജ്യനായ സഞ്ജു സാംസന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ ഗൗതം ഗംഭീർ സഞ്ജുവിനെ പരീക്ഷിക്കാൻ വീണ്ടും തീരുമാനിച്ചിരിക്കുകയാണ്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിര സാന്നിധ്യമായി മാറാൻ സാധിക്കും എന്നത് ഉറപ്പാണ്.

2024 ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ നയിച്ച ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസൺ. പക്ഷേ ഇന്ത്യ ലോകകപ്പിൽ കളിച്ച 8 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അണിനിരക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇഷാൻ കിഷന്റെയും ജൂറലിന്റെയും മുകളിൽ സഞ്ജു സാംസണെ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഈ 3 മത്സരങ്ങൾ സഞ്ജുവിനെ സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും നിർണായകമായ മത്സരങ്ങളാണ്. 2026 ട്വന്റി20 ലോകകപ്പിലേക്ക് പുതിയ ടീമിനെ അണിയിച്ചൊരുക്കാനാണ് ഇപ്പോൾ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ശ്രമിക്കുന്നത്. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു സുവർണ്ണ അവസരം കൂടിയാണ്.

Previous articleമികച്ച നായകൻ ധോണിയല്ല, രോഹിതാണ്. കാരണം പറഞ്ഞ് ഹർഭജൻ സിംഗ്.
Next articleഞങ്ങളുടെ ആക്രമണ മനോഭാവമാണ് ഇനി കാണാൻ പോകുന്നത്. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് നായകൻ.