ശ്രീലങ്കക്കെതിരായ മൂന്നാം 20-20യിൽ നാലാമനായി ഇറങ്ങി കൊണ്ടാണ് ഇന്ത്യൻ സൂപ്പർതാരം സൂര്യ കുമാർ യാദവ് സെഞ്ചുറി നേടിയത്. എന്നാൽ ഇപ്പോൾ ഇതാ നാലാമനായി ഇറങ്ങിയിട്ടാണ് താരം സെഞ്ച്വറി നേടിയതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി 20-20 ക്രിക്കറ്റിൽ താരത്തെ മൂന്നാമനായി തന്നെ ഇറക്കണം എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്നാമൻ ആയിട്ടായിരുന്നു താരം ഇറങ്ങിയിരുന്നത്.
ആദ്യ മത്സരത്തിൽ നാലാം സ്ഥാനത്ത് ഇറങ്ങിയത് മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു. എന്നാൽ പരിക്കേറ്റ് സഞ്ജു പുറത്തുപോയതോടെ രാഹുൽ ട്രിപാതിയെ ടീമിൽ ഉൾപ്പെടുത്തി. അതുകൊണ്ട് സൂര്യ കുമാർ യാദവ് നാലാമത്തെ പൊസിഷനിലേക്ക് ഇറങ്ങി ബാറ്റ് ചെയ്യുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ മത്സരത്തിൽ സൂര്യ കുമാർ യാദവിന് ശോഭിക്കാൻ സാധിച്ചിരുന്നില്ല. 10 പന്തുകളിൽ നിന്നും വെറും ഏഴ് റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ നാലാമനായി ഇറങ്ങി രണ്ടാമത്തെ മത്സരത്തിൽ 36 പന്തുകളിൽ നിന്നും 51 റൺസ് നേടി താരം തിളങ്ങിയിരുന്നു.
.”ഇംഗ്ലണ്ടിലും ന്യൂസിലാൻഡിലും മൂന്നാമനായി ഇറങ്ങിയാണ് സൂര്യ കുമാർ യാദവ് ഇതിന് മുൻപ് സെഞ്ചുറി നേടിയത്. അതുകൊണ്ടു തന്നെ ട്വൻ്റി ട്വന്റി ക്രിക്കറ്റിൽ സൂര്യ കുമാർ യാദവ് മൂന്നാമനായി തന്നെ ഇറങ്ങണം. ഇനിയും ഇന്ത്യക്ക് വേണ്ടി ആ പൊസിഷനിൽ ദീർഘകാലം സൂര്യ തുടരണം.”- ഗംഭീർ പറഞ്ഞു.
നേരത്തെയും കോഹ്ലിയെ നാലാമനായി ഇറക്കി സൂര്യ കുമാർ യാദവിനെ മൂന്നാമത് ഇറക്കണം എന്ന അഭിപ്രായവുമായി ഗൗതം ഗംഭീർ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം 20-20 ക്രിക്കറ്റിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി,രോഹിത് ശർമ,കെ.എൽ രാഹുൽ എന്നിവർ ഇനി ഇന്ത്യയുടെ ഭാവി കുട്ടി ക്രിക്കറ്റ് പദ്ധതികളിൽ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. മൂന്നു പേരും ഇനി ഇന്ത്യൻ 20-20 ടീമിൻ്റെ ഭാഗമാകാൻ സാധ്യതയില്ല എന്ന സൂചന പരിശീലകൻ രാഹുൽ ദ്രാവിഡ് നൽകിയിരുന്നു.