ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന രണ്ടാം 20-20 മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു യുവ താരം അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിൽ വെറും രണ്ട് ഓവറുകൾ മാത്രം എറിഞ്ഞ അർഷദീപ് 5 നോബോളുകളാണ് എറിഞ്ഞത്. മാത്രമല്ല ഈ രണ്ട് ഓവറുകളിൽ നിന്ന് 37 റൺസ് ആണ് താരം വിട്ടുകൊടുത്തത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മത്സരശേഷം നടന്ന സ്റ്റാർ സ്പോർട്സ് ചാനലിൽ വച്ച് നടന്ന ചർച്ചയിൽ അർഷദീപ് സിംഗിന്റെ നോബോൾ പ്രശ്നത്തെക്കുറിച്ച് ഗൗതം ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചുവരുകയാണെങ്കിൽ ആദ്യം തന്നെ അന്താരാഷ്ട്ര മത്സരത്തിൽ കളിക്കരുത് എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്.
“ഏഴ് ബോളുകൾ എറിയുക എന്നത് ഒന്ന് ആലോചിച്ചു നോക്കൂ, അത് 21 ഓവറുകളെക്കാൾ കൂടുതൽ എറിയുന്നത് പോലെയാണ്. ആര് വേണമെങ്കിലും മോശം ബോളുകൾ എറിയാം. മോശം രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്യാം. അത് എല്ലാം താളത്തിന് അനുസരിച്ചാണ്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചുവരികയാണെങ്കിൽ ഒരിക്കലും അന്താരാഷ്ട്ര മത്സരം കളിക്കരുത്. ആഭ്യന്തര മത്സരങ്ങൾ കളിച്ച് താളം കണ്ടെത്തി തിരിച്ചുവരണം.കാരണം നോ ബോളുകൾ അംഗീകരിക്കാൻ പറ്റുന്നതല്ല. ആർക്ക് പരിക്ക് പറ്റിയാലും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് 15-20 ഓവറുകൾ എറിഞ്ഞ് താളം കണ്ടെത്തിയതിന് ശേഷം മാത്രമാണ് ഒരു അന്താരാഷ്ട്ര മത്സരം കളിക്കാൻ പാടുള്ളൂ.
അതുകൊണ്ടാണ് ഇന്നലെ അര്‍ഷദീപ് താളം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത് കണ്ടത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ബാറ്റ്സ്മാൻമാർ മോശം ഷോട്ടുകൾ കളിക്കുകയും, ഫീൽഡർമാർക്ക് തെറ്റു പറ്റുകയും, ബൗളർമാർക്ക് മോശം ദിവസം ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇത് അംഗീകരിക്കാൻ പറ്റില്ല. പ്രാക്ടീസിന് നെറ്റ്സിൽ നിങ്ങൾ അത് ചെയ്യുമ്പോൾ അതുകൊണ്ടാണ് മാച്ചിലും ചെയ്യുന്നത്. അതുകൊണ്ട് പ്രാക്ടീസ് സെക്ഷനുകളിൽ ബൗളർമാർ മികച്ച രീതിയിൽ ശ്രദ്ധിക്കണം. വേറെ ഒന്നിനെയും കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. ഫീൽഡ് സെറ്റ് ചെയ്യുവാൻ ക്യാപ്റ്റൻമാർക്ക് ബുദ്ധിമുട്ടാകും. 7 നോബോളുകളിൽ നിന്നും 30 റൺസ് നേടുന്നത് വലിയ വ്യത്യാസമാണ്.