അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ പാകിസ്ഥാൻ പരാജയമറിഞ്ഞതോടെ ഏറ്റവുമധികം വിമർശനങ്ങൾ നേരിടുന്നത് പാക് നായകൻ ബാബർ ആസമാണ്. മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും, ബാബർ ആസമിന്റെ സ്ട്രൈക് റേറ്റ് പല മുൻ താരങ്ങളും ചോദ്യം ചെയ്യുകയുണ്ടായി. ലോകകപ്പിന്റെ തുടക്കം മുതൽ യാതൊരുതര ആക്രമണ മനോഭാവവും ഇല്ലാതെയാണ് ബാബർ ആസം കളിക്കുന്നത്. ഇത്തരത്തിൽ റൺസ് നേടുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്നാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ബാബർ ഒരു ക്ലാസ് കളിക്കാരനാണെങ്കിലും കുറച്ചുകൂടി സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഗംഭീർ പറയുന്നു.
“ബാബർ ആസം സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത് ടീം പൂർണമായും സമ്മർദ്ദത്തിലേക്ക് പോകുന്നു. മത്സരങ്ങളിൽ ബാബർ ആസാം തന്നെയാണ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത്. കാരണം അത്തരത്തിൽ കഴിവുള്ളയാൾ ബാബർ തന്നെയാണ്. അയാൾ ഒരു ക്ലാസ് കളിക്കാരനാണ്. ഒപ്പം നല്ല കഴിവുമുള്ള താരമാണ്. ഞാൻ എല്ലായിപ്പോഴും ബാബർ ആസമിനെ ആദ്യ 5 സ്ഥാനങ്ങളിലെ കാണാറുള്ളൂ. മാത്രമല്ല ഈ ലോകകപ്പിൽ ഇന്ത്യൻ പിച്ചുകളിൽ 3-4 സെഞ്ച്വറികൾ ആസമിന് നേടാം. അത്തരം കാര്യങ്ങൾ ആസമിന് സാധിക്കും.”- ഗംഭീർ പറഞ്ഞു.
“എന്നാൽ റൺസ് കണ്ടെത്തുമ്പോൾ ബാബർ ആസം തന്റെ ടീമിന്റെ വിജയത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെന്നാൽ 60 പന്തുകളിലോ 70 പന്തുകളിലോ 50 റൺസ് നേടിയാലോ, 120 പന്തുകളിൽ 80 റൺസ് നേടിയാലോ ഒരു കാര്യവുമില്ല. ഇന്ത്യക്കെതിരെ ബാബർ ആസാം കളിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. അത്തരം ഇന്നിംഗ്സുകളിലൂടെ ടീമിലുള്ള മറ്റു ബാറ്റർമാർക്കും വലിയ സമ്മർദ്ദമാണ് നൽകുന്നത്.
മത്സരങ്ങളിൽ കൃത്യമായ സമയത്ത് സമ്മർദ്ദം ഇല്ലാതാക്കാൻ ബാബർ അസമിന് സാധിക്കുന്നില്ല. തന്റെ ടീം ആക്രമണപരമായ ക്രിക്കറ്റ് കളിക്കണമെങ്കിൽ ബാബർ തന്നെ മുൻപിൽ നിന്ന് നയിക്കേണ്ടതുണ്ട്. അയാൾ കുറച്ചുകൂടി ഫ്രീയായി കളിക്കണം. തന്റെ ഇപ്പോഴത്തെ ശൈലിയിൽ നിന്നും മാറി കളിക്കണം. അങ്ങനെയെങ്കിൽ മാത്രമേ പാക്കിസ്ഥാന് സെമിഫൈനലിൽ എത്താൻ സാധിക്കൂ.”- ഗംഭീർ കൂട്ടിച്ചേർത്തു.
ഇതുവരെ ബാബർ ആസമിനെ സംബന്ധിച്ച് അത്ര മികച്ച ലോകകപ്പല്ല നടക്കുന്നത്. പാക്കിസ്ഥാനായി 5 ഇന്നിങ്സുകൾ കളിച്ച ബാബർ ആസം 2 അർധ സെഞ്ച്വറികൾ ഇതിനോടകം നേടി കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 74 റൺസ് ബാബർ നേടുകയുണ്ടായി. എന്നാൽ 79.69 സ്ട്രൈക്ക് റേറ്റിലാണ് ആസം കളിക്കുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്. വളരെ മികച്ച തുടങ്ങൽ ലഭിച്ചിട്ടും ഇന്നിംഗ്സിന്റെ അവസാന സമയങ്ങളിൽ കൃത്യമായി സ്ട്രൈക്ക് റേറ്റ് ഉയർത്താൻ ആസമിന് സാധിക്കുന്നില്ല. ഇത് പാകിസ്ഥാൻ വരെ വളരെയേറെ പിന്നിലേക്കടിക്കുന്നുണ്ട്.